Spread the love

ചമ്പക്കുളം മൂലം വള്ളംകളി പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം അവധിയെക്കുറിച്ചായിരുന്നില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

‘ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയിൽ ചോദ്യം വന്നപ്പോൾ എഴുന്നേറ്റ് മറുപടി പറഞ്ഞതിനുശേഷം ഇരുന്നിട്ട് എന്നോടുള്ള സംസാരം തുടരുകയായിരുന്നുവെന്നാണ് എന്റെ ഓർമ്മ. ഒരു കാരണവശാലും നമുക്കത് വേണ്ട എന്നുപറഞ്ഞത് മറ്റൊരു വിഷയമായിരുന്നുവെന്നാണ് എന്റെ ഓർമ്മ. മുറിഞ്ഞുപോയ സംസാരം വാർത്തയാക്കിയതാണ്. അത് കുട്ടനാട് എംഎൽഎയോടായിരുന്നില്ലെന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’- എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

നിയമസഭയിൽ സബ്‌മിഷനിലൂടെ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ വള്ളംകളിയോട് അനുബന്ധിച്ച് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. വിഷയം പരിഗണിക്കാമെന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി, മൈക്ക് ഓഫാണെന്ന് കരുതി തന്റെ സഹപ്രവർത്തകരോട് ഒരു കാരണവശാലും അവധി നൽകില്ലെന്ന് പറയുകയായിരുന്നു. ഇതാണ് വിവാദമായത്.