മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്. മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്. പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.
2017ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ൽ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്.

