ന്യൂഡൽഹി: കേരളത്തിൽ ശബരിമല ക്ഷേത്ര വിവാദത്തിനു സമാനമായി ദേശീയതലത്തിൽ ഉയർന്ന അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിയർത്ത് ബിജെപി . സംഘപരിവാർ സംഘടനകളുടെ ഭാരവാഹികളാണ് പ്രതിക്കൂട്ടിൽ എന്നതാണ് ബിജെപിയെ വലിക്കുന്നത്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ബിജെപിയെ കടന്നാക്രമിക്കുകയാണ്.
അതിൻറെ അയോദ്ധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്യുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി ക്ഷേത്ര ട്രസ്റ്റ് സ്ഥിരീകരിച്ചു. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസമാണ് ഇരുവരും രാജിവച്ചത്. ക്ഷേത്രത്തിൽ നടന്ന സംഭവം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

