Spread the love

നടൻ ദിലീപിന്റെ നിരവധി ഹിറ്റുകളിൽ മലയാളികളിൽ ഇന്നും ഏറെ ആവേശത്തോടെ കാണുന്ന ഒരു ചിത്രമാണ് 2002 ൽ റിലീസ് ചെയ്ത കുബേരൻ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാ ശങ്കരി എന്നിവരാണ് എത്തിയത്. ഒരുപാട് സിനിമകളിൽ ഇല്ലെങ്കിലും അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടിയായിരുന്നു ഉമാ ശങ്കരി.

ഇപ്പോഴിതാ സ്തനാർബുദ ബാധിതയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഉമാ ശങ്കരി. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്ന് നടി പുതിയ സാമൂഹികമാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

‘കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണയ്ക്ക് നന്ദി, ഞാൻ മുന്നോട്ട് പോകുകയാണ്. സുഖം പ്രാപിക്കുകയാണ്. പുരോഗതിയിലാണ് ശ്രദ്ധ. പുരോഗതി എപ്പോഴും പൂർണതയുള്ളതായിരിക്കണമെന്നില്ല. പക്ഷേ അത് യഥാർഥമാണ്,’ അവർ കൂട്ടിച്ചേർത്തു.ജൂൺ 23-ന് പങ്കുവെച്ച കുറിപ്പിലാണ് അവർ സ്തനാർബുദം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ‘ഇതത്ര എളുപ്പമാണെന്ന് നടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആദ്യഘട്ട സ്തനാർബുദം സ്ഥിരീകരിച്ചു. ആദ്യം ഞെട്ടൽ തോന്നി, പിന്നെ ഉൾക്കൊള്ളാനായില്ല. അവിശ്വസിച്ചു. ഇക്കാര്യം ഉൾക്കൊള്ളാനും അംഗീകരിക്കാനും എളുപ്പമല്ല. എന്തുകൊണ്ട് ഞാൻ, എന്തുകൊണ്ട് ഇപ്പോൾ, എന്താണ് സംഭവിക്കാൻ പോവുന്നത് എന്നീ ചോദ്യങ്ങൾ തലച്ചോറിനെ ചുഴറ്റിയെറിഞ്ഞു’, നടി കുറിച്ചു.

‘ഇത്തരമൊരു വാർത്ത സ്വീകരിക്കാൻ ഒരു തയ്യാറെടുപ്പും നിങ്ങൾക്ക് ഉപകരിക്കില്ല. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും. ഭയന്നിരിക്കുമ്പോൾ തന്നെ അവർ എന്നെ കൂടുതൽ സ്‌നേഹിക്കുന്നത് കാണുന്നത് വലിയ ഹൃദയവേദനയാണ്. കണ്ണീരും പ്രാർഥനയും പിന്തുണയുംകൊണ്ട്, ഞെട്ടലിൽനിന്ന് യാഥാർഥ്യത്തിലേക്കെത്തി. കീഴടങ്ങില്ല, തോൽവി സമ്മതിക്കില്ല. ജീവിതത്തെ അതിന്റെ കഠിനമായ രൂപത്തിൽ അംഗീകരിക്കും’, അവർ വ്യക്തമാക്കി.’എനിക്കൊപ്പം ധൈര്യത്തോടെ നിൽക്കുന്നതിന് ഭർത്താവിന് നന്ദി പറയുന്നു. എന്റെ ശക്തിയാവുന്നതിന് മകന് നന്ദി. സ്‌നേഹവും പിന്തുണയും പ്രതീക്ഷയും നൽകി കൂടെ നിൽക്കുന്നതിന് കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. ഓരോ തരി ശക്തിയും ഉപയോഗിച്ച് ഞാൻ ഇതിനോട് പോരാടും, സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ദയവായി എനിക്കുവേണ്ടി പ്രാർഥിക്കുക. ഈ യാത്രയിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ ഞാൻ അഭ്യർഥിക്കുന്നു’, അവർ കൂട്ടിച്ചേർത്തു.