സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ വന്‍ അഗ്നിബാധ. വാട്ടര്‍ ടാങ്ക് റോഡിലെ അല്‍ ഗസ്വാന്‍ സ്ട്രീറ്റിലുള്ള പ്ലംബിങ് കടയുടെ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നിരവധി കടകളും ഗോഡൗണുകളും കത്തിനശിച്ചു.
പ്ലാസ്റ്റിക്, കെമിക്കല്‍, പെയിന്റ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവ അതിവേഗം കത്തിപ്പടരുന്ന വസ്തുക്കളായതിനാല്‍ നിമിഷനേരം കൊണ്ട് തീ സമീപത്തെ കടകളിലേക്കും വ്യാപിച്ചു. 18 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രദേശം കറുത്ത പുകപടലങ്ങളാല് മൂടിയ അവസ്ഥയിലായിരുന്നു.
കടകളോട് ചേര്‍ന്നുള്ള പഴയ കെട്ടിടങ്ങള്‍ അനധികൃതമായി ഗോഡൗണുകളായി ഉപയോഗിക്കുന്നതാണ് തീ പടരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലാത്തത് വ്യാപാരികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ജോലി സമയമായതിനാല്‍ താമസസ്ഥലങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതും, പെട്ടെന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതും വന്‍ ദുരന്തം ഒഴിവാക്കി.

