Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ദളിത് ക്രൈസ്തവ സമുദായ സംഘടനകളിലേക്ക് പാലമിടാൻ കോൺഗ്രസ്. വിവിധ ദളിത് ക്രൈസ്തവ പിന്നാക്ക സംഘടനകളെ ഒപ്പംനിർത്തുകയാണ് ലക്ഷ്യം.

സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ, ന്യൂനപക്ഷ വോട്ടുകൾക്ക് പുറമേ പിന്നോക്ക വിഭാഗങ്ങളിലും വോട്ട് ബാങ്ക് സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ. സി.കെ. ജാനുവിന്റെ പാർട്ടിയും ഫോർവേഡ് ബ്ലോക്ക് വഴി ചില സമുദായ സംഘടനകളും യുഡിഎഫുമായി മുമ്പേ സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് ദളിത് ക്രൈസ്തവ വിഭാഗങ്ങളെയും കൂടെ നിർത്താൻ കോൺഗ്രസ് മുൻകൈ എടുക്കുന്നത്.ഇതിന്റെ ഭാഗമായി നാളെ ( ജനുവരി 11 ന് )കോട്ടയത്ത് ഇൻഡൃൻ ക്രിസ്തൃൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദളിത് ക്രൈസ്തവ സഭാ ബിഷപ്പുമാരുടെയും നേതാക്കളെയും നേതൃയോഗം ചേരുന്നു. കോട്ടയം ടി ബിയിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേരുന്ന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്.

കെസിബിസി എസി എസ്ടി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസി മാർ അപ്രേം, സിഎസ്ഐ ബിഷപ്പുമാരായ ഡോ. ഉമ്മൻ ജോർജ്, ജോസ് ജോർജ്, ആംഗ്ലുക്കൻ ചർച്ച് ബിഷപ്പുമാരായ ഡോ. വത്സൻ വട്ടപ്പാറ, തോമസ് മാവുങ്കൽ, കോട്ടയം – കൊച്ചി രൂപതാ വികാരി ജനറൾഡോ.സാംസൻ ജോൺ, സിഎസ്ഐ സഭാ വികാരി ജനറൽ ഡോ. അനിയൻ കെ പോൾ, എംഎൽഎ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ പ്രസംഗിക്കും.

കേരളത്തിലെ 26 ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വലിയ പിന്നോക്കാവസ്ഥയിലാണെന്നും സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ ഒറ്റക്കെട്ടായി അവകാശങ്ങൾക്കായി പോരാടാനുമാണ് ദളിത് ക്രൈസ്തവ സഭാ നേതൃത്വ യോഗം ചേരുന്നതെന്ന് സംഘാടക സമിതി ചെയർമാൻ സണ്ണി കാഞ്ഞിരം പറഞ്ഞു.