ബെംഗളൂരു∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയി മരണത്തിന് തൊട്ട് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ശനിയാഴ്ച, കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ്, ഐ.ടി. ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി റോയിക്കൊപ്പം ലാംഗ്‌ഫോർഡ് റോഡിലെ ഓഫീസിലേക്ക് എത്തി. ഓഫീസിലെത്തിയ ശേഷം റോയ് തന്റെ ക്യാബിനിലേക്ക് പോയി. അതിന് ശേഷം അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു. ജോസഫ് ക്യാബിന് പുറത്തുപോയി. കൂടാതെ ജീവനക്കാരോട് ആരെയും ക്യാബിന് അകത്ത് പ്രവേശിപ്പിക്കരുതെന്ന് റോയ് നിർദ്ദേശിച്ചു.
എന്നാൽ പുറത്തേക്ക് റോയ് ഇറങ്ങിവരാതിരുന്നപ്പോൾ ജീവനക്കാർ ക്യാബിനിന്റെ വാതിലിൽ മുട്ടി. പ്രതികരിക്കാതായപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയതായി ജീവനക്കാർക്ക് മനസ്സിലായി. എന്തോ പന്തികേട് തോന്നിയ ജീവനക്കാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ റോയ് കസേരയിൽ രക്തക്കറ പുരണ്ട ഷർട്ടുമായി ഇരിക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു. മെഡിക്കൽ സ്റ്റാഫ് ഓഫീസിലെത്തി പരിശോധിച്ചപ്പോൾ നാഡിമിടിപ്പ് ഉണ്ടായിരുന്നില്ല.

