ന്യൂഡല്‍ഹി: ബിഡീയും ജിഎസ്ടിയും ബീഹാറും ചേര്‍ത്ത പരിഹാസ പോസ്റ്റ് തിരിച്ചടിയായി കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്. ബീഹാര്‍ ഇലക്ഷനു മുമ്പ് നടത്തിയ ജിഎസ്ടി പരിഷ്കരണത്തില്‍ ബിഡിയുടെ നികുതികുറച്ചത് സംബന്ധിച്ചാണ് എക്സില്‍ കേരള ഘടകം പോസ്റ്റ് ഇട്ടത്. പാപസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ബീഡി നീക്കം ചെയ്ത് സൂചിപ്പിച്ച് ‘ബീഡികളും ബീഹാറും ബിയില്‍ നിന്നാണ് ആരംഭിക്കുന്നത് എന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഈ ‘അപമാനകരമായ പരാമര്‍ശം’ ‘ബിഹാറികളെ’ അപമാനിക്കുന്നതാണെന്ന് പ്രതികരിച്ചു. രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത ബിജെപി നേതാക്കളും ഇതേ നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങളെ പരിഹസിച്ചതിന് ബീഹാറിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ജി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ അപമാനകരമായ പ്രസ്താവനയെ അപലപിക്കാന്‍ തേജസ്വി യാദവിന് ധൈര്യമില്ലേ?’ അദ്ദേഹം ചോദിച്ചു.
ഇതോടെ പോസ്റ്റ് തിരുത്തി.’ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച മോദിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തോടുള്ള ഞങ്ങളുടെ പരിഹാസം വളച്ചൊടിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു’.

