Spread the love

ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി പത്തുമണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെ ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ മുരാരി ബാബു സസ്പെന്‍ഷനിലാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു.
കേസില്‍ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്ഐടി സംഘം ചോദ്യം ചെയ്തേക്കും.

മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്.