ബിഗ്‌ബോസ് സീസണ്‍ 7 ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുമ്പോള്‍ നെവിന്‍ പരിധി വിടുന്നതായി പ്രേക്ഷകര്‍. നെവിനും അനുമോളും തമ്മിലുള്ള വഴക്ക് പരിധി ലംഘിച്ചതോടെ വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ നെവിനെ എടുത്തിട്ട് അലക്കാനുള്ള സാദ്ധ്യതയുണ്ട്. കുറച്ചുദിവസമായി നെവിന്‍ നിരന്തരം അനുമോളെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് ബിഗ്‌ബോസ് കാണുന്നവര്‍ക്ക് മനസിലാകും. അനുമോളും നെവിനെ പ്രതിരോധിക്കുന്നതില്‍ ഒട്ടും പിന്നിലല്ല.
അനുമോളുടെ കിടക്കയില്‍ നെവിന്‍ വെള്ളം ഒഴിച്ചത് കടന്നകൈയായിപ്പോയി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കിടക്ക നനഞ്ഞ് ഉപയോഗിക്കാന്‍ പറ്റാതായതോടെ അനുമോള്‍ ഹൗസിലെ സോഫയുടെ പിന്‍വശത്തായാണ് ഇന്നലെ കിടന്നത്.
തന്റെ കിടക്കയില്‍ അനുമോള്‍ കിടക്കുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. ആര്യനും നെവിനും അനുമോളുടെ കിടക്കയ്ക്ക് അരികില്‍ നില്‍ക്കുന്നു. ‘തനിക്ക് കുടിയ്ക്കാന്‍ കുറച്ച് വെള്ളം എടുത്തുകൊണ്ട് വരൂ’ എന്ന് നെവിന്‍ ആര്യനോട് പറയുന്നു. ആര്യന്‍ ആദ്യം ഇതിന് തയ്യാറാവുന്നില്ല. ഇതോടെ ‘താന്‍ ക്യാപ്റ്റനാണ്, എടുത്തുകൊണ്ട് വാടാ’ എന്ന് നെവിന്‍ പറയുന്നു. ഇതോടെ ആര്യന്‍ വെള്ളം എടുക്കാന്‍ പോകുന്നു.
ഈ സമയത്ത് കിടക്കുകയായിരുന്ന അനുമോളോട് ‘എഴുന്നേറ്റില്ലെങ്കില്‍ വെള്ളം വീഴും’ എന്ന് നെവിന്‍ ഭീഷണിപ്പെടുത്തുന്നു. ‘എന്റെ ബെഡില്‍ ഞാന്‍ കിടക്കും, കിടക്കാതിരിക്കും. നിനക്കെന്ത്?’ എന്നാണ് അനുമോള്‍ തിരിച്ചുചോദിക്കുന്നത്. ഈ സമയത്ത് ആര്യന്‍ ഒരു കപ്പില്‍ വെള്ളവുമായി വരുന്നു. നെവിന്‍ എഴുന്നേല്‍ക്കാന്‍ പറയുമ്പോള്‍ ‘നീ കുരയ്ക്കാതെ പോ’ എന്ന് അനുമോള്‍ മറുപടി പറയുന്നു. ‘എന്റെ പുറത്ത് വെള്ളം വല്ലോം വീണാല്‍’ എന്ന് അനുമോള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ കപ്പില്‍ കയ്യിട്ട് അനുമോളുടെ ദേഹത്തേക്ക് നെവിന്‍ വെള്ളം തെറിപ്പിക്കുന്നു. ഇതോടെ തന്റെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് അനുമോള്‍ നെവിന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു.
പിന്നാലെയാണ് ഒരു പാത്രത്തില്‍ അടുക്കളയില്‍ നിന്ന് വെള്ളം പിടിച്ചുകൊണ്ടുവന്ന് നെവിന്‍ അനുമോളുടെ കിടക്കയില്‍ ഒഴിക്കുന്നത്. നനഞ്ഞുകുതിര്‍ന്ന കിടക്കയുടെ ദൃശ്യങ്ങളും ഇത് കണ്ട് ആര്യന്‍ കൈകൊട്ടിച്ചിരിക്കുന്നതും പ്രേക്ഷകര്‍ അത്ര രസത്തോടെയല്ല കണ്ടത്.

