Spread the love

ചങ്ങനാശേരിയുടെ പോര്‍ക്കളത്തിലേക്ക് രാധാകൃഷ്ണമേനോന്‍

കോട്ടയം: തലമുറമാറ്റത്തിലും ചങ്ങനാശേരിയുടെ പടക്കളത്തിലേക്ക് ബി. രാധാകൃഷ്ണമേനോന്‍. ബിജെപിയുടെ വളര്‍ച്ചയ്ക്ക് കോട്ടയം ജില്ലയില്‍ അടിത്തറയിട്ട നേതാക്കളില്‍ പ്രമുഖനാണ് മേനോന്‍. കാല്‍നൂറ്റാണ്ട് മുമ്പ് ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായിരിക്കെ പാര്‍ട്ടിയെ ക്രൈസ്തവ വിഭാഗത്തിലേക്ക് അടുപ്പിക്കുന്നതിന് നിര്‍ണായക നീക്കം നടത്തി. കോട്ടയത്ത് സീറ്റിനായി പ്രചരിച്ച പേരുകള്‍ എല്ലാം നേതൃത്വം വെട്ടിമാറ്റിയെങ്കിലും മേനോന് നറുക്കു വീണു. ചങ്ങനാശേരിയിലെ എന്‍എസ്എസ് നേതൃത്വവുമായുളള അടുപ്പവും ഇതര സാമൂദായിക ബന്ധങ്ങളും മേനോന് നിയമസഭാ പോരാട്ടത്തിനു വഴിതെളിച്ചു എന്നാണ് കരുതുന്നത്.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ ജന്മദേശമായ മേനോന്‍ ചങ്ങനാശേരി തൃക്കൊടിത്താനത്താണ് താമസം. 1995- 98 2001-2004 കാലഘട്ടങ്ങളില്‍ കോട്ടയം ജില്ലാ അധ്യക്ഷനായി. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്നു.തുടര്‍ന്ന് എട്ടുവര്‍ഷം ബിജെപി സംസ്ഥാന സെക്രട്ടറിയായി. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു രണ്ടു തവണ നിയമസഭയിലേക്കും രണ്ടു വട്ടം പാര്‍ലമെന്റിലേക്കും മത്സരിച്ചു. ചങ്ങനാശേരിയില്‍ നിന്നുളള രണ്ടാം അങ്കമാണ്. 1995ലായിരുന്നു ആദ്യമത്സരം, 2011 ല്‍ ചെങ്ങന്നൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. കോട്ടയം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും ലോക്‌സഭയിലേക്കും മത്സരിക്കുകയുണ്ടായി. ദീര്‍ഘകാലം ബിജെപിയുടെ മാധ്യമ സെല്‍ അംഗമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്കായി വീറോടെ വാദിച്ചു. മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഢയ്‌ക്കൊപ്പം കര്‍ണാടക തെരഞ്ഞെടുപ്പിന്റെ സുപ്രധാന ചുമതല വഹിച്ചു.


ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയ്‌ക്കെതിരെ പുന: പരിശോധനാ ഹര്‍ജി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ രഹ്ന ഫാത്തിമ ശബരിമല ശാസ്താവിനെ അവഹേളിച്ചു എന്ന കേസില്‍ കോടതിയെ സമീപിച്ചത് രാധാകൃഷ്ണമേനോനാണ്. പ്ര്‌സതുത കേസ് അന്വേഷണം അവസാനിപ്പിക്കാനുളള നീക്കത്തിലായിരുന്ന കേരള പോലീസ് നീക്കം കോടതി മുമ്പാകെ കൊണ്ടുവന്നതോടെ തുടര്‍ അന്വേഷണത്തിന് 2025 ഓഗസ്റ്റില്‍ പത്തനംതിട്ട കോടതി ഉത്തരവിട്ടു.

കോട്ടയം ബിജെപി ജില്ലാ അധ്യക്ഷനായിരിക്കെ കേരള കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണയുണ്ടാക്കി. തുടര്‍ന്ന് കുറവിലങ്ങാട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി പ്രതിനിധി വിജയിച്ചു. അതിന്റെ തുടര്‍ച്ചയായാണ് അന്ന് മാണി ഗ്രൂപ്പ് എംപി യായിരുന്ന പി.സി തോമസ് ബിജെപി പിന്തുണയോടെ മൂവാറ്റുപുഴയില്‍ മത്സരിച്ചു വിജയിച്ച് വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായതെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

5000 വര്‍ഷം പഴക്കമുളള തൃക്കൊടിത്താനം മഹാദേവ ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാനായിരുന്നു. പാണ്ഡവീയ മഹാസത്രത്തിന് നേതൃത്വം നല്‍കി. അന്നു മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍  ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടറായും സേവനമനുഷ്ടിച്ചു.