കോട്ടയം: പരസ്യപ്രചാരണങ്ങള്‍ക്ക് ഇന്നലെ ആവേശകരമായ കലാശക്കൊട്ട് വീണതോടെ ഇന്ന് നിശബ്ദപ്രചാരണം. നാളെ പോളിംഗ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തുന്നതിനുമുമ്പായി വഴുതിയും ഇടഞ്ഞും നില്ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
കൊട്ടിക്കലാശം കഴിഞ്ഞെങ്കിലും ഇന്നും സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തിരക്കിന്റെ ദിവസമാണ്. ബൂത്ത് ഒരുക്കം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഒരു വിഭാഗം നീളുമ്പോള്‍ എതിര് ചേരിയില്‍ നിന്നുള്‍പ്പെടെ വോട്ട് മറിക്കാനുള്ള ശ്രമങ്ങളിലാകും മറുവിഭാഗം. നേരില്‍ക്കണ്ടാല്‍ വോട്ട് ഉറപ്പെന്ന് അറിയിപ്പ് ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തും. ഏതെങ്കിലും നേതാക്കള്‍ പറഞ്ഞാല്‍ വോട്ട് കിട്ടുമെന്നുണ്ടെങ്കില്‍ അത്തരക്കാരെ കാണാന്‍ നേതാക്കളും റെഡി.
ഇതിനോടകം തന്നെ വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം എല്ലാ മുന്നണികളുടെയും പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാതൃകാ ബാലറ്റ് യൂണിറ്റ് ഉപയോഗിച്ചുള്ള പ്രചാരണവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ പോളിംഗ് സ്റ്റേഷനുകളില്‍നിന്ന് നിശ്ചിത അകലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ക്രമീകരിക്കലും പോസ്റ്ററുകളും ഫഌക്സുകള്‍ സ്ഥാപിക്കലും നടക്കും. ഇതിനായി മുന്‍കൂട്ടിതന്നെ ഓരോരുത്തരും സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ ബൂത്തുകള്‍ക്ക് കീഴിലും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് എത്ര വോട്ട് ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ഏകദേശ കണക്കെടുപ്പും പ്രവര്‍ത്തകര്‍ തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരുടെ പശ്ചാത്തലവും അവരുടെ പൊതുവായിട്ടുള്ള സംസാരങ്ങളും പ്രവര്‍ത്തികളുമൊക്കെ കണക്കുകൂട്ടിയാണ് പ്രവര്‍ത്തകര്‍ വോട്ടര്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സാദ്ധ്യതയെന്ന കണക്കെടുക്കുന്നത്.
മണ്ഡലത്തിന് പുറത്തുള്ള വോട്ടര്‍മാര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങളും സ്ഥാനാര്‍ത്ഥികള്‍ ഒരുക്കുന്നുണ്ട്.

