നഴ്‌സിന്റെ മരണം അന്വേഷണം ആവശ്യപ്പെട്ട് പിതാവ്, കുഴിമന്തി കഴിച്ച ഉടന്‍ കുഴഞ്ഞു വീണു, വിഷം കൊടുത്തു കൊലപ്പെടുത്തിയാണെന്ന് കുടുംബം
കൊച്ചി: ആരോഗ്യ പ്രവര്‍ത്തക കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍. ആലുവ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും (റെജി) ജെസിയുടെയും മകള്‍ ലെന ജോണിന്റെ (25) മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് ജോണ്‍ ആരോപിക്കുന്നത്. ആലുവ റൂറല്‍ എസ്പിക്കു പരാതി നല്‍കി.
തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലെന ഇക്കഴിഞ്ഞ മാര്‍ച്ച് 24നു രാവിലെ പരീക്ഷ എഴുതാന്‍ എറണാകുളത്തു പോയെന്നു പറയുന്നു. പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു എന്നാണു റിപ്പോര്‍ട്ട്.
എന്നാല്‍ ആലുവയില്‍ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കള്‍ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം. മകളെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതില്‍ രണ്ടു യുവാക്കള്‍ക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവു പരാതി നല്‍കിയിരിക്കുന്നത്.
നഴ്സിങ്ങുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആലുവയില്‍ പോകുന്നുണ്ടെന്നാണു തലേന്നു മകള്‍ പറഞ്ഞതെന്നു ജോണ്‍ പറഞ്ഞു. സംഭവദിവസം രാവിലെ മകള്‍ അമ്മയെയും വിളിച്ചിരുന്നു. നാലു മണിക്കൂറിനു ശേഷം മകള്‍ മരിച്ചെന്നുള്ള വിവരമാണു ലഭിച്ചതെന്നു ജോണ്‍ പറഞ്ഞു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രവര്‍ത്തകയായിരുന്നു ലെന.

