കോട്ടയം: ടിപ്പു എന്ന വളർത്തു നായ അന്നമ്മട്രൂബിന് മഹത്തായ ഓർമ്മക്കൂട്ടാണ്.തന്റെ ഭർത്താവായ ഹാന്നസിന്റെ ഇഷ്ട തോഴനായിരുന്നു ടിപ്പു. സ്വിറ്റ്സർലണ്ടിൽ നേഴ്സായി വിരമിച്ച പങ്ങട വയലുങ്കൽ അന്നമ്മക്ക് സ്വിസ് പത്രപ്രവർത്തകനായ ഹാന്നസ് സമ്മാനിച്ചതാണ് ടിപ്പുവിനെ. ഹാന്നസും അന്നമ്മയും പങ്ങടയിൽ എത്തുമ്പോൾ കൂരോപ്പട മാതൃ മലയിലേക്കുള്ള പ്രഭാത , പ്രദോഷ സവാരിക്ക് ടിപ്പുവും കൂട്ടായുണ്ടാവും. അങ്ങനെ സ്നേഹം കൊണ്ട് ഹാന്നസിനെയും അന്നമ്മയെയും കീഴടക്കിയ ടിപ്പു വിടപറഞ്ഞപ്പോൾ രാജകീയമായ അന്ത്യയാത്രയാണ് അന്നമ്മ നൽകിയത്.
17 വർഷം തനിക്കൊപ്പം നിഴലായി നിന്ന ടിപ്പുവിനെ മതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് അന്നമ്മ വീട്ടുവളപ്പിൽ അടക്കം ചെയ്തത്.പ്രായാധികൃത്താൽ അവശനായ ടിപ്പുവിന്റെ അന്ത്യം നാട്ടകത്തുള്ള വെറ്റിനറി സ്വകാരൃ ആശുപത്രിയിലായിരുന്നു.ടിപ്പുവിന് രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിലുള്ള മകൻ മോഹൻ ട്രൂബും മക്കളായ സോഫിയും എമിലിയും ടിപ്പുവിന്റെ വിവരങ്ങൾ എപ്പോഴും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ അവർ പങ്ങടയിൽ എത്തിയപ്പോൾ ടിപ്പു കൂട്ടായി എപ്പോഴുമുണ്ടായിരുന്നതുകൊണ്ട് അവനുമായി വൈകാരികമായ അടുപ്പമായിരുന്നു അവർക്ക്. ടിപ്പുവിന് രോഗം കലശലായപ്പോൾ സോഫിയും എമിലിയും അവന്റെ ഫോട്ടോ വേണമെന്ന് ഗ്രാന്റ് മദർ അന്നമ്മയോട് നിർബന്ധം പിടിച്ചു.

അന്നമ്മ ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നു. ചിത്രങ്ങളിൽ ടിപ്പുവിന് അവശത തോന്നിയതിനെത്തുടർന്ന് ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനം നിലച്ചതായി കണ്ടെത്തി. രണ്ട് ദിവസത്തെ തീവ്രപരിചരണത്തിനും ചികിത്സയ്ക്കുമൊടുവിൽ ബുധനാഴ്ച പുലർച്ചെ 2.15-ഓടെ ടിപ്പു വിടവാങ്ങി. 19000 രൂപയോളം ആശുപത്രിയിൽ ചെലവായി.
കണ്ണീരോടെ അന്ത്യയാത്ര പ്രിയപ്പെട്ടവന്റെ ഓർമകൾ കാത്തുസൂക്ഷിച്ച ടിപ്പുവിനെ വെള്ളത്തുണിയിൽ പൊതിഞ്ഞ്, സുഗന്ധങ്ങൾ പൂശി, പൂക്കൾ വിതറി, ഔദ്യോഗികമായ മരണാനന്തര ചടങ്ങുകളോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. അന്നമ്മയുടെ ആൻസ് ഓർഗാനിക് ഫാമിലെ ജീവനക്കാരും ഈ വൈകാരികമായ ചടങ്ങിൽ പങ്കെടുത്തു.
ഹാന്നസ് ട്രൂബ് 2009-ലാണ് ഡാഷ് ഹണ്ട് ഇനത്തിൽപെട്ട ടിപ്പുവിനെ അന്നമ്മയ്ക്ക് വാങ്ങി നൽകിയത്. 2013-ൽ ഹാന്നസ് കാൻസർ ബാധിച്ച് മരിച്ചതോടെ, അദ്ദേഹം നൽകിയ അവസാന സമ്മാനമായ ടിപ്പുവിനെ ജീവശ്വാസം പോലെയാണ് അന്നമ്മ സ്നേഹിച്ചിരുന്നത് .40 വർഷത്തോളം സ്വിറ്റ്സർലൻഡിൽ താമസിച്ചിരുന്ന അന്നമ്മ, ഭർത്താവിന്റെ മരണശേഷമാണ് ജന്മനാടായ പങ്ങടയിലേക്ക് തിരിച്ചെത്തി ആൻസ് ഓർഗാനിക് ഫാം. സ്വിമ്മിംഗ് അക്കാദമി, ജിംനേഷൃം, മെഡിറ്റേഷൻ സെന്റർ, ഫാം ടൂറിസം കോട്ടേജുകൾ എന്നിവ സ്ഥാപിച്ചത്. അവിടെയെല്ലാം അന്നമ്മയോടൊപ്പം നിഴൽ പോലെ ടിപ്പുവും ഉണ്ടായിരുന്നു. ടിപ്പുവിന്റെ വിയോഗത്തോടെ സങ്കടത്തിലാണ് അവന്റെ കൂട്ടുകാരായ വളർത്തുനായ്ക്കളായ രാജും മണിയും. മനുഷൃകുലത്തിന്റെ നൂറ്റാണ്ടുകളുടെ വംശ പരമ്പരയിൽ നായ്ക്കൾക്ക് വലിയ പ്രാധാനൃമുണ്ട്. മനുഷൃരും വളർത്തുമൃഗങ്ങളും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധത്തിന്റെ ഒരിക്കലും മറക്കാനാവാത്ത കഥയാണ് ടിപ്പുവിലുടെ അന്നമ്മ ട്രൂബ് സമൂഹത്തിന് പകർന്ന് നൽകുന്നത്.

