മലപ്പുറം : ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവില്‍ പിടിയിലായത്.
2013ല്‍ ഇയാൾ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം ഒളിവിൽ പോകുകയായിരുന്നു.
2012 ജൂലൈ 21നു രാത്രി രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുഹമ്മദ് ഷെരീഫ് ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് പെരുന്നാളിനു വസ്ത്രങ്ങളെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞത്. മരിച്ച രണ്ട് വയസുകാരി ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലയാണെന്നു കണ്ടെത്തിയത്. പ്രതി കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയതെന്നു തെളിഞ്ഞു. ഭാര്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.

