ബിഹാറില്‍ വിഷമദ്യ ദുരന്തം. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച മുതലാണ് ചമ്പാരനിലെ തുര്‍കൗലില, രഘുനാഥ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആറുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബങ്ങളുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരില്‍ ആദ്യത്തെയാള്‍ രഘുനാഥ്പൂരില്‍ നിന്ന് വ്യാജമദ്യം കുടിച്ചതായി വിവരം ലഭിച്ചുവെന്ന് പൊലീസ് പറയുന്നു. വ്യാജമദ്യ വിതരണക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ അയാള്‍ പിടിയിലാകും. ജില്ലാ പൊലീസും മദ്യവിരുദ്ധ ടാസ്‌ക് ഫോഴ്സും ഉള്‍പ്പെടുന്ന സംഘം പര്‍സൗണി, മുഷ്ഹാരി തോല, തുര്‍കൗലിയ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്.

