നെടുങ്കണ്ടം ∙ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണന് എം.എം.മണിയുടെ ശകാരം. ശനിയാഴ്ച നെടുങ്കണ്ടത്ത് നടന്ന ജില്ലാ ലൈബ്രറി കൗൺസിലിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നടപടിയുണ്ടായത്.
‘ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്’ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടിയിരുന്നത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ എം.എം. മണി, നിശ്ചിത സമയത്തിന് ശേഷം വിഷയത്തിൽ നിന്ന് മാറുകയും പ്രസംഗം പാർട്ടി ക്ളാസിനു തുല്യമായി മാറുകയും ചെയ്തു.
കാറൽ മാർക്സും എംഗൽസും, തൊഴിലാളിവർഗ സർവാധിപത്യവുമൊക്കെ പ്രസംഗത്തിൽ നിറഞ്ഞു. പ്രസംഗം പിന്നീട് ഇന്ദിരാഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൻമാർക്കെതിരേയും ഗാന്ധിവിമർശനവുമൊക്കെ ആയി മുന്നേറിയതോടെ സദസ്സിൽനിന്നും ചിലർ ഇറങ്ങിപ്പോയി. ഇതോടെയാണ് രമേശ്കൃഷ്ണൻ കുറിപ്പ് നൽകിയത്.
എന്നാൽ വിർശനം രമേശിനെതിരെയായി. രമേശ് ജനിക്കും മുമ്പുതന്നെ താനീ പണിതുടങ്ങിയതാണ് എന്നാണ് എം.എം മണി പറഞ്ഞത്. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നുമെല്ലാം പതിവ് ശൈലിയിൽ എം.എം.മണി തട്ടിവിട്ടു. ശേഷം അധികം വൈകാതെ അദ്ദേഹം പ്രസംഗം നിർത്തി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.ഷിജു ഖാനായിരുന്നു വിഷയാവതരണം.

