അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് സുധാകരൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനുള്ള പിന്തുണ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു. നേതാക്കൾ സുധാകരനുമായും ചർച്ചയും നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്.
അമ്പലപ്പുഴയിൽ സിറ്റിങ് എംഎൽഎ എച്ച്. സലാമാണു സിപിഎം സ്ഥാനാർഥി. അവഗണന മടുത്താണു സുധാകരൻ സിപിഎം വിട്ടത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. കോൺഗ്രസ് നേതാക്കൾ വിഷയം ചർച്ച ചെയ്തു. മുന്നണി നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണ് തീരുമാനമെടുത്തത്.

