എറണാകുളത്തു വച്ച് യുവ നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസില്‍ വിധി ഇന്ന്. എട്ടാം പ്രതിയായ നടന് ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പറയുക.
ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടരവര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുള്‍പ്പെടെ 10 പ്രതികളുണ്ട്. പെരുമ്പാവൂര്‍ സ്വദേശി എന്‍.എസ്. സുനിലാണ് (പള്‍സര്‍ സുനി) ഒന്നാംപ്രതി. മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍.സനില്‍കുമാര്‍ ഒമ്പതാം പ്രതിയാണ്.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി. ശരത്ത് പത്താം പ്രതിയാണ്. പ്രതികളെല്ലാവരും ഇന്ന് കോടതിയില്‍ ഹാജരാകും. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.
പിടി തോമസ് എംഎല്‍എയുടെ ശക്തമായ ഇടപെടലിലാണ് കേസ് ആദ്യം മുന്നോട്ടു നീങ്ങിയത്. സംഭവം ഉണ്ടായി വൈകാതെ തന്നെ രംഗത്ത് വന്ന പിടി തോമസ് കോടതിയിലും മൊഴി നല്‍കിയിരുന്നു.

