Spread the love

തന്റെ ഭര്‍ത്താവ് ശരീരത്തില്‍ ‘മെര്‍ക്കുറി’ കുത്തിവെച്ചെന്ന ആരോപണമുന്നയിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ബെംഗളൂരു അത്തിബെല്ലെ സ്വദേശിനി ആയ വിദ്യ ആണ് വിക്ടോറിയ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മാസങ്ങളായി ചികിത്സയിലായിരുന്ന വിദ്യ മരണത്തിന് കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭര്‍ത്താവ് ബാസവരാജു തന്റെ ശരീരത്തില്‍ മെര്‍ക്കുറി കുത്തിവെച്ചെന്നായിരുന്നു വിദ്യയുടെ മൊഴി. താന്‍ ഫെബ്രുവരി 26-ന് രാത്രി ബോധരഹിതയായി. പിറ്റേദിവസം വൈകീട്ടാണ് തന്റെ ബോധം തെളിഞ്ഞത്. അപ്പോഴാണ് വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടതെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ ഒന്‍പതുമാസമായി ചികിത്സയിലായിരുന്ന വിദ്യയുടെ ആരോഗ്യനില മോശമായതോടെ ഞായറാഴ്ച പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.