ലണ്ടൻ:പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറൽ അസിം മുനീർ സി ഡി എഫ് (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ മനഃപൂർവം പാക്കിസ്ഥാനു പുറത്തുപോയതായിട്ടാണ് അന്താരാഷ്ട്ര മാധൃമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീൽഡ് മാർഷൽ അസിം മുനീർ ഏറ്റെടുക്കാനിരിക്കെയായിരുന്നു ഈ നീക്കം. ഈ പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറും.
ഇതിനിടയിൽ ഷെഹ്ബാസ് ഷെരീഫ് ബഹ്‌റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായിട്ടാണ് മുൻ മെംബർ തിലക് ദേവാഷർ പറഞ്ഞത്. അസിം മുനീറിന് അഞ്ച് വർഷത്തേക്ക് സിഡിഎഫ് പദവി നൽകുന്നതായിരുന്നു വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനിൽക്കുന്നതോടെ ഈ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തിൽ നിന്ന് രക്ഷപ്പെടാൻ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് വിലയിരുത്തൽ.
നവംബർ 29 നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തുവരേണ്ടത്. അന്നായിരുന്നു കരസേനാ മേധാവിയെന്ന നിലയിൽ അസിമിന്റെ കാലാവധി അവസാനിച്ച ദിവസം. എന്നാൽ നവംബർ 29 ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.
അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചതിനു ശേഷം പാകിസ്ഥാന് ഒരു സൈനിക മേധാവിയില്ലാത്ത അവസ്ഥയാണ്. അതായത് ഫലത്തിൽ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് കീഴിൽ വരുന്ന ആണവ കമാൻഡ് അതോറിറ്റിക്കു പോലും നേതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ ഒരു സാഹചര്യമാണെന്നും സിഡിഎഫ് വിജ്ഞാപനം ആവശ്യമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടുണ്ട്. ആണവായുധ രാജ്യമായ പാക്കിസ്ഥാന് ഒരു സൈനിക മേധാവിയോ ആണവ കമാൻഡ് അതോറിറ്റിയുടെ ചുമതലയുള്ള ഒരാളോ ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

