Spread the love

കാണ്‍പുര്‍: യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഈ മാസം 18നാണ് സംഭവം.
സ്ത്രീധനം നല്‍കിയില്ല എന്ന് ആരോപിച്ചാണ് രേഷ്മ എന്ന യുവതിയെ ഭര്‍ത്താവും വീട്ടുകാരും ഭര്‍ത്തൃവീട്ടിലെ മുറിയില്‍ പൂട്ടിയിട്ടതും വിഷപ്പാമ്പിനെ മുറിയിലേക്ക് കടത്തിവിട്ടതും. തന്നെ രക്ഷിക്കണേയെന്ന് യുവതി അലറി വിളിച്ച് ഭര്‍ത്താവിന്റെ കുടുംബത്തോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ രേഷ്മയുടെ സഹോദരിയെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

രേഷ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം പാമ്പിനെ തുറന്നുവിട്ടെന്നും രാത്രി വൈകിയാണ് കാലില്‍ പാമ്പ് കടിച്ചതെന്നും രേഷ്മയുടെ സഹോദരി റിസ്വാന പറഞ്ഞു. വേദന മൂലം രേഷ്മ നിലവിളിച്ചെങ്കിലും വീട്ടുകാര്‍ വാതില്‍ തുറന്നില്ല. പിന്നാലെ രേഷ്മ തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍തന്നെ സ്ഥലത്തെത്തിയ റിസ്വാന വാതില്‍ തുറപ്പിച്ച് സഹോദരിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

2021 മാര്‍ച്ച് 19നാണ് ഷാനവാസുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ രേഷ്മയെ ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ കുടുംബം 1.5 ലക്ഷം രൂപ സ്ത്രീധനമായി നല്‍കി. എന്നാല്‍ ഇനിയും അഞ്ച് ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം വഷളായി.
റിസ്വാനയുടെ പരാതിയില്‍ ഷാനവാസ്, ഷാനവാസിന്റെ മാതാപിതാക്കള്‍, മൂത്ത സഹോദരന്‍, സഹോദരി, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.