Spread the love

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിഹാറില്‍നിന്നൊരാളെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചനകള്‍ വരുന്നു.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് പരിഗണിക്കുന്നവരില്‍ പ്രമുഖന്‍. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി ആക്കുകയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുമായാല്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് കണക്കുകൂട്ടല്‍. ഇപ്പോഴും സീറ്റിന്റെ കാര്യത്തില്‍ ബിജെപിയാണ് മുന്നിലെങ്കിലും, സീനിയര്‍ നേതാവ് എന്ന നിലയിലും മറുകണ്ടം ചാടാനുള്ള സാദ്ധ്യത മുന്നില്‍കണ്ടും മുഖ്യമന്ത്രിസ്ഥാനം നിതീഷിന് നല്‍കുകയായിരുന്നു.
അടുത്തതായി ഉയര്‍ന്നു കേള്‍ക്കുന്ന പേര് ബിഹാര്‍ ഗവര്‍ണര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്റേതാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. 2019 മുതല്‍ 2014 വരെ കേരള ഗവര്‍ണറായിരുന്നു. 2024 ഡിസംബര്‍ 24 നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനാകുന്നത്. കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ മുസ്ലിം മുഖം കൂടിയാണ്.
മുസ്ലിം വിഭാഗത്തെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്റെ വരവ് സഹായിക്കുമെന്നും കണക്കുകൂട്ടലുണ്ട്.

ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറിന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭാരതരത്ന ജേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂര്‍. ജെഡിയു നേതാവും നിലവിലെ രാജ്യസഭാ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായണ്‍ സിങ്ങിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ് വി, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ തുടങ്ങിയവരുടെ പേരുകളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി തിങ്കളാഴ്ച രാത്രി രാജി സമര്‍പ്പിച്ചത്.
അതേസമയം, തിരുവനന്തപുരം എംപി ശശിതരൂരിന്റെ പേരും പരിഗണനയിലുണ്ടെന്ന് പറയപ്പെടുന്നു.