ചെന്നൈ: രാമനാഥപുരത്ത് 32കാരിയായ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. രഞ്ജിത എന്ന സ്ത്രീയാണ് മരിച്ചത്. ഭാര്യാപിതാവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനവുമാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് ആരോപണം.
രഞ്ജിതയുടെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിരുന്നു. തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണമടഞ്ഞു.
അതേസമയം ഇവരുടെ മരണമൊഴിയായി പകർത്തിയ വീഡിയോയിൽ തന്റെ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും രഞ്ജിത പറഞ്ഞുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ തന്റെ അമ്മ ലൈംഗിക പീഡനം അനുഭവിച്ചിരുന്നെന്ന് തന്നോട് പറഞ്ഞതായി രഞ്ജിതയുടെ മകൻ പറയുന്നു. അതേ സമയം ഭർത്താവിന്റെ അച്ഛനിൽ നിന്നും മോശം പെരുമാറ്റം മാത്രമല്ല, ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി സ്ത്രീധന പീഡനം നടത്തിയതായും രഞ്ജിതയുടെ കുടുംബം ആരോപിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

