Spread the love

നൂറിന്റെ ആത്മവിശ്വാസമായി തെരഞ്ഞെടുപ്പ് പിറ്റേന്നും വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് പിറ്റേന്നും ആത്മവിശ്വാത്തോടെ വി.ഡി സതീശന്‍. നൂറു സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.യുഡിഎഫ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും എന്നാല്‍ വിജയിച്ചാല്‍ അത് ടീമിന്റെ വിജയമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും, എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും അവര്‍ മൂന്നാമതും അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ യുഡിഎഫ് പ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഘടകക്ഷികള്‍ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിലുള്ള പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി വോട്ടുകള്‍ കൃത്യമായി ചേര്‍ക്കാനും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ദേശീയ തലത്തിലെ ബിജെപി ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നല്‍കുന്ന സഹായവും ഒരു ഇന്‍സെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അത് യുഡിഎഫിന് അനുകൂലമാകും. അതേസമയം, ശബരിമല വിഷയം ഭൂരിപക്ഷ സമുദായത്തിനിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, ബിജെപിയേക്കാള്‍ ശക്തമായി ഈ വിഷയത്തില്‍ യുഡിഎഫ് നിലകൊണ്ടതിനാല്‍ ആ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നടത്തിയ അമിതമായ പരസ്യ പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉപയോഗിച്ചുള്ള ബോര്‍ഡുകളും തിരിച്ചടിയുണ്ടാക്കുമെന്നും സതീശന്‍ വിലയിരുത്തി. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണെന്നും, ‘ആരുണ്ട് ചോദിക്കാന്‍’ എന്ന ശൈലിയിലെ ധാര്‍ഷ്ട്യം ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.