കോട്ടയം : നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സുപ്രധാന പദവിയിലേക്ക് ചുവടുവെച്ച് ഹരികുമാര്‍ കോയിക്കല്‍.
എന്‍എസ്എസിന്റെ നിലവിലുള്ള അമരക്കാരനായ സുകുമാരന്‍ നായര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വളരെ തിടുക്കത്തില്‍ ഓഫീസ് നിര്‍വഹണത്തിനായി ഹരികുമാറിനെ സെക്രട്ടറി പദത്തില്‍ നിയോഗിക്കുകയായിരുന്നു.
വീണ് പരിക്കേറ്റ് സുകുമാരന്‍ നായര്‍ ആശുപത്രിയിലായതോടെ എന്‍എസ്എസിന്റെ പതിവ് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് ചങ്ങനാശ്ശേരി എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് കൂടിയായ ഹരികുമാറിന് നറുക്ക് വീണത്. എന്‍എസ്എസ് ആസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതൃനിരയില്‍ ഒന്നാമനായ ഹരികുമാര്‍ ചങ്ങനാശ്ശേരി സ്വദേശി തന്നെയാണ്.
അസുഖം ഭേദമായി സുകുമാരന്‍ നായര്‍ എന്‍എസ്എസ് ആസ്ഥാനത്ത് മുടങ്ങാതെ എത്തുന്നുണ്ടെങ്കിലും ഓഫീസ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. സുകുമാരന്‍ നായര്‍ക്ക് രണ്ടാം നിലയിലെ ഓഫീസിലേക്ക് പോകാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതും കാരണമാണ്. എന്‍എസ്എസിന്റെ അതിഥി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ സുകുമാരന്‍ നായര്‍ക്കായി ഓഫീസ് ഒരുക്കാനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുകുമാരന്‍ നായരുടെ പിന്‍ഗാമിയായി എന്‍എസ്എസിന് വനിതാ ജനറല്‍സെക്രട്ടറി വരുമെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ മകളും റിട്ട. കോളേജ് അധ്യാപികയും പ്രിന്‍സിപ്പാളുമായിരുന്ന ഡോ. സുജാതയുടെ പേരാണ് പ്രചരിച്ചിരുന്നത്. എന്‍എസ്എസ് കോളേജുകളുടെ കോര്‍പ്പറേറ്റ് മാനേജരാണ് സുജാത ഇപ്പോള്‍.
എന്‍എസ്എസ് ആസ്ഥാനത്ത് ഭരണതലത്തിലുള്ള പരിചയവും ആശയവിനിമയ സ്ഫുടതയും നേതൃപാടവും ഉള്ള ഡോ. സുജാത ഓഫീസ് ചുമതലയുള്ള സെക്രട്ടറിയാവുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
മുമ്പ് എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഡോ. സുജാതയുടെ പേര് പരിഗണിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ താല്പര്യമില്ലെന്ന് സുകുമാരന്‍ നായര്‍ നിലപാട് എടുത്തതോടെയാണ് പദവി ഏറ്റെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ വിവാദങ്ങളില്‍ നിന്ന് അകലം പാലിച്ച ഡോ. സുജാത പ്രതിനിധി സഭാംഗമാകാത്തതും സമുദായത്തില്‍ ചര്‍ച്ചയായിരുന്നു.
എങ്കിലും ജനറല്‍ സെക്രട്ടറിക്കൊപ്പം സമുദായ സമ്മേളനങ്ങളിലെ സാന്നിധൃം ജനറല്‍ സെക്രട്ടറിയുടെ പിന്‍ഗാമി എന്നതിന് പിന്‍ബലമേകിയിരുന്നു.
എന്നാല്‍ ജനല്‍ സെക്രട്ടറി വളരെ പെട്ടെന്ന് ആശുപത്രിയിലായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഈ ഘട്ടത്തിലാണ് ഹരികുമാറിനെ സെക്രട്ടറിയായി നിയോഗിച്ചത്.
പി കെ നാരായണ പണിക്കര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയിരിക്കെ അസിസ്റ്റന്റ് സെക്രട്ടറിയായി കടന്നുവന്നതാണ് സുകുമാരന്‍ നായര്‍.
പി കെ നാരായണ പണിക്കരുടെ ചടുലമായ സംഘടനാ ജീവിതത്തില്‍ ഓഫീസ് കാര്യങ്ങള്‍ ദിനംപ്രതി നിര്‍വഹിക്കാന്‍ സഹായിയെ അനിവാര്യമായിരുന്നു. അത് മനസ്സിലാക്കിയാണ് സുകുമാരന്‍ നായരെ എന്‍എസ്എസ് തലസ്ഥാനത്തേക്ക് നിയോഗിച്ചത്. പിന്നീട് രോഗബാധിതനായി നാരായണ പണിക്കര്‍ അന്തരിച്ചതോടെ സുകുമാരന്‍ നായര്‍ക്ക് എന്‍എസ്എസിന്റെ താക്കോല്‍ സ്ഥാനം ലഭിക്കുകയായിരുന്നു.
നാരായണപ്പണിക്കരെയും കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെയും പോലെ പൊതുരംഗത്ത് തലയെടുപ്പോടെ നില്ക്കാന് സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞില്ലെങ്കിലും സംഘടനയ്ക്ക് പുതിയ ദിശാബോധം കൊടുക്കാന്‍ കഴിഞ്ഞു. പത്മ കഫെ പോലെയുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ തുടക്കമിട്ടു. ശബമിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് നടത്തിയ നാമ ജപഘോഷ യാത്രകള്‍ പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയതും സുകുമാരന്‍ നായരുടെ സാമുദായിക – രാഷ്ട്രീയ വിജയമായിരുന്നു. പത്മ കഫേകള്‍ ഒരു വലിയ വിജയം ആവുകയും ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടത്തില്‍ ഇതിന്റെ ചുവടുപിടിച്ച് ജനറല്‍സെക്രട്ടറി പദത്തിലും വനിത എത്തുമെന്ന് വിശ്വാസം ബലപ്പെടുകയും ചെയ്തു. പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍ അതിനുള്ള സാധ്യത മങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ എംജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഡോ.സുജാത ഒരു വിവാദത്തെ തുടര്‍ന്ന് രാജി വെച്ച് മാറുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഭരണ തലത്തില്‍ ശക്തമായ അഭിപ്രായപ്രകടനം കൊണ്ട് സുകുമാരന്‍ നായര്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ചങ്ങനാശ്ശേരിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്‍സീറ്റ് നിയന്ത്രണം കണിച്ചുകുളങ്ങരയിലേക്ക് മാറി.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരന്‍ നായര്‍ പരസ്യമായി നല്കിയ സൂചന തിരിച്ചടി ആവുകയും ചെയ്തു. ഇതോടെ രാഷ്ട്രീയ പ്രശ്നങ്ങളിലുള്ള അഭിപ്രായപ്രകടനം ജനറല്‍ സെക്രട്ടറി ചുരുക്കുകയും ചെയ്തു.
എന്‍എസ്എസിലെ ശക്തമായ അധികാര ലോബിയായ മന്ത്രി ഗണേശ് കുമാര്‍ ഈ സാഹചര്യത്തില്‍ പിടിമുറുക്കുമോ എന്ന സംശയവും ഹരികുമാറിനെ ചുമതലപ്പെടുത്താന്‍ കാരണമായി എന്നാണ് അറിയുന്നത്. ആര് ബാലകൃഷ്ണപിള്ള മുതല്‍ എന്‍എസ്എസ് ആസ്ഥാനത്ത് ഗണേശന്റെ കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. സുകുമാരന്‍ നായര്‍ ദുര്ബലന് ആകുമ്പോള്‍ നിലവില്‍ ഭരണതലത്തിലുള്ള സ്വാധീനം കൂടി ഉപയോഗപ്പെടുത്തി ഗണേഷ് കുമാര്‍ എന്‍എസ്എസ് പോക്കറ്റിലാക്കുമോ എന്ന ആശങ്കയും പെരുന്നയില്‍ ഉയര്‍ന്നിരുന്നു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ പ്രത്യേകിച്ച് വിഷ്വല്‍ മീഡിയയെ സുകുമാരന്‍ നായര്‍ പെരുന്നയിലേക്ക് അധികം ക്ഷണിക്കാറില്ല. അദ്ദേഹത്തിന്റെ ചില വാക്കുകള്‍ രാത്രികാല ഹാസ്യ പരിപാടികളില്‍ വക്രീകരിച്ചു കൊടുത്തതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചത്.
ചങ്ങനാശ്ശേരിയിലും കോട്ടയത്തുമുള്ള പ്രത്യേക കാറ്റഗറിയിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പെരുന്നയില്‍ പ്രവേശനം. ആശ്രിതവത്സലനും ശുദ്ധഹൃദയനുമായ സുകുമാരന്‍ നായര്‍ അവരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും എന്‍എസ്എസ് സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിലും ഉദാര മനസ്കനുമാണ്.

