കോട്ടയം: ആചാര്യന്‍ വിരല്‍തുമ്പില്‍ പകര്‍ന്ന അക്ഷരമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭം ആഘോഷിക്കുന്നു. മലയാളികള്‍ ഏറ്റവും അധികം എത്തുന്ന കൊല്ലൂര്‍ മൂംകാബിക ക്ഷേത്രം നവരാത്രി തിരക്കിലാണ്. അക്ഷര ആരംഭം കൂടാതെ ഇതര കലകളും ആയോധനവിദ്യയിലും ഇന്ന് പരിശീലന തുടക്കം കുറിക്കുന്നുണ്ട്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളെത്തുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ വിടപറഞ്ഞതിനു ശേഷമുള്ള തുഞ്ചന്‍ സ്മാരകത്തിലെ ആദ്യത്തെ വിദ്യാരംഭ ചടങ്ങാണിത്.
കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരന്‍, പി.സി. സത്യനാരായണന്‍, പ്രഭേഷ് പണിക്കര്‍ എന്നിവരും സരസ്വതീ മണ്ഡപത്തില്‍ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിന്‍തുമ്പിലും കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കും.
തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍നിന്നുള്ള മണല്‍ ഉപയോഗിച്ചാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. എറണാകുളം ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂരിലെ ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലുംവിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.

