ശിവഗിരിയിൽ ഉപരാഷ്ട്രപതിക്ക് ചുവപ്പു പരവതാനി, ചങ്ങനാശ്ശേരിയിൽ പടിക്ക് പുറത്ത്
കോട്ടയം: ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയിൽ ഉപരാഷ്ട്രപതിക്ക് ചുവപ്പ് പരവതാനി. സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്റെ സമാധി വേദിയിൽ പുഷ്പാർച്ചന നടത്താനാവാതെയും ഉപരാഷ്ട്രപതി. കേരളത്തിലെ രണ്ടു പ്രബല സമുദായ ആചാര്യന്മാരുടെ സമാധിസ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അരങ്ങേറിയതാണ് ഈ സംഭവവികാസങ്ങൾ.
കഴിഞ്ഞ ഡിസംബർ 30നാണ് ശിവഗിരിയിൽ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ എത്തിയത്. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠാധിപതി ഉൾപ്പെടെയുള്ള സ്വാമിമാരുമായി ആശയം വിനിമയം നടത്തുകയും ചെയ്തു.
ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു.
രണ്ടുദിവസത്തിനുശേഷം പെരുന്നയിൽ നടന്ന മന്നം ജയന്തി ആഘോഷങ്ങൾ നിറം മങ്ങിയ നിലയിലായിരുന്നുവെന്ന് വിമർശനമുയർന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാണ് യുഗപ്രഭാവനായ സമുദായ ആചാര്യന്റെ ജയന്തി ഉദ്ഘാടനം ചെയ്തത്. പതിവുപോലെ കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്ക് വേദിയിൽ ഇടം ലഭിച്ചില്ല.നിയമസഭാ സ്ഥാനാർത്ഥി മോഹികൾ സമ്മേളന നഗരിയിൽ ഇടിച്ചുകയറി സുകുമാരൻ നായരെ മുഖം കാണിക്കാൻ പെടാപാടുപെടുന്നത് കൗതുകമുള്ള കഴ്ചയായിരുന്നു.
ഇതും പല സോഷ്യൽ മീഡിയ ഹാൻഡിലുകളിലും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രബുദ്ധമായ നായർ സമുദായത്തിന്റെ മാർഗദീപമായ ആചാര്യന്റെ സ്മരണ ആ വ്യക്തിത്വത്തെ ആദരിക്കും വിധം അല്ല സമ്മേളനം നടത്തിയതെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനം.
ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനത്തിനാണ് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫെബ്രുവരി 29 ന് ചങ്ങനാശ്ശേരിയിലെത്തിയത്. ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങാൻ സൗകര്യം ക്രമീകരിച്ചിരുന്നത് എൻഎസ്എസ് കോളേജ് മൈതാനിയിൽ ആയിരുന്നു. അതോട് ചേർന്നുള്ള മന്നം സമാധിയിൽ പക്ഷേ ഉപരാഷ്ട്രപതിക്ക് പുഷ്പാർച്ചന നടത്താൻ കഴിഞ്ഞില്ല. സുരക്ഷാ പരിശോധനയുടെ പേരിൽ പ്രവേശനം നിയന്ത്രിച്ചതാണ് കാരണമെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് വിമർശനം. ബിജെപി പശ്ചാത്തലമുള്ള ഉപരാഷ്ട്രപതിയെ സ്വീകരിക്കാനുള്ള ജനറൽ സെക്രട്ടറിയുടെ വൈമനസൃമാണ് ഇതിന് പിന്നിലെന്നാണ് വിമർശനം.
മാത്രവുമല്ല ഇടതു സർക്കാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജനറൽ സെക്രട്ടറി ഭരണ മുന്നണിയുടെ അപ്രീതി പിടിച്ചുപറ്റാതെ തന്ത്രപരമായ സമീപനം സ്വീകരിച്ചതാണെന്നും പറയപ്പെടുന്നു. ബിജെപിയാകട്ടെ സുകുമാരൻ നായരെ പിണക്കാൻ ഭയമായതിനാൽ പ്രതികരിക്കാനാവാത്ത സ്ഥിതിയിലുമാണ്. നേരത്തെ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനേയും ഇതേ രീതിയിൽ തടഞ്ഞിരുന്നു. അതിൽ ആനന്ദ്ബോസ് പ്രതികരിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഒ രാജ ഗോപാലിനും മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അനുമതി ലഭിച്ചില്ല. കേരളത്തിലെ പ്രബല സമുദായത്തെ വിവാദങ്ങളിലേക്ക് നയിക്കുന്ന തീരുമാനമാണ് സമീപകാലങ്ങളിൽ നേതൃത്വം എടുക്കുന്നതെന്ന് പൊതുവിമർശനം ഉയർന്നിട്ടുണ്ട്.
സുകുമാരൻ നായരെ അറസ്റ്റ് ചെയ്യണം.
കൊച്ചി. ഭാരതത്തിന്റെ രണ്ടാം പൗരനായ ഉപരാഷ്ട്രപതിയെ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുന്നതിനെ വിലക്കുന്ന സുകുമാരൻ നായർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് എൻ എസ് എസ് മോചന കർമ്മ സമിതി ആവശ്യപ്പെട്ടു..
ഇതര മത പ്രചാരകനായ എൻ എസ് എസ് ഡയറക്ടറുടെ നിർദ്ദേശമാണോ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ രാജ്യവിരുദ്ധ പ്രവർത്തിയ്ക്ക് നിദാനമെന്ന് സംശയിക്കുന്നതായി ചെയർമാൻമുക്കാപ്പുഴ നന്ദകുമാർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
1996 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവിന് പെരുന്നയിൽ പ്രവേശനം നിഷേധിച്ചത് പി കെ നാരായണ പണിയ്ക്കരെ പിന്നിൽ നിന്ന് നിയന്ത്രിച്ചിരുന്ന സുകുമാരൻ നായർ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

