ലണ്ടൻ : ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സംഭവത്തിൽ അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ ജൂത സിനഗോഗിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടെയിലേക്ക് ആക്രമി കാർ ഓടിച്ച് കയറ്റുകയായിരുന്നു. ശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരാള്‍ക്ക് കുത്തേറ്റത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
ജൂത കലണ്ടറിലെ പുണ്യദിനത്തിലാണ് ആക്രമണം. സിനഗോഗിന് പുറത്ത് നിന്നിരുന്ന മൂന്ന് പേരെ അക്രമി കുത്തി പരുക്കേല്‍പ്പിച്ചു. അക്രമി മറ്റുള്ളവരെ കൊലപ്പെടുത്താൻ ഒരുങ്ങിയതോടെ അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു.
അതേസമയം അക്രമിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ശ്രുശൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാതെ കാത്തത് ഒരു ജൂത പുരോഹിതന്റെ ഇടപെടലാണ്. ഇക്കാര്യം ബ്രിട്ടിഷ് മധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

