കോട്ടയം: കോവിഡ് മഹാമാരിക്കുശേഷം നിർത്തലാക്കിയ തിരക്കേറിയ മെമു പാസസഞ്ചർ സർവീസുകൾ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്ത്. മഹാമാരിക്ക് മുൻപ് കൊല്ലം–കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് ചെയ്തിരുന്ന ട്രെയിനുകൾ പ്രവർത്തനം നിർത്തിയതോടെ ഈ റൂട്ടിലൂടെ സർവീസ് ഉപയോഗിച്ചിരുന്ന സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.
രാവിലെ കൊല്ലത്തു നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന പാസ്സഞ്ചർ ട്രെയിനും ഉച്ചക്ക് കോട്ടയം വഴി എറണാകുളത്തു നിന്നും കായംകുളം വരെ സർവീസ് നടത്തിയിരുന്ന പാസ്സഞ്ചറും വൈകിട്ട് 4.30 ന് കോട്ടയം എത്തികൊണ്ടിരുന്ന എറണാകുളം കൊല്ലം മേമു സർവീസും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. വൈകുന്നേരത്തെ സർവീസ് സ്കൂൾ കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ അനേകം യാത്രക്കാരെ ആശ്രയിച്ചിരുന്നുവെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു.
സ്കൂളുകളുടെ സമയക്രമം നീട്ടിയതോടെ വിദ്യാർത്ഥികൾക്കും ജോലി പോകുന്നവർക്കും യാത്ര വളരെ ദുഷ്‌കരമായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റെയിൽവേ അതോറിറ്റികൾ അടിയന്തിരമായി നടപടി കൈക്കൊണ്ട് നിർത്തലാക്കിയ തീവണ്ടി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

