Spread the love

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. 16 പേർക്കു ഗുരുതര പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു.

ജയ്‌സാൽമീറിൽ നിന്നും ജോധ്‌പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത്മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം.

അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്.

മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധനകൾ നടത്തും.