Spread the love

പോലീസ് ഭീകരത വിവരിച്ച് ഫേസ് കുറിപ്പ് എഴുതി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്ന് ഡിജിപി പദവിയിലുളള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കിയ പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റു പിന്നീട് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്‍. ഇന്ദുചൂഡന്റെ ഓര്‍മദിനത്തിലാണ് കുറിപ്പ്.

 


·
ഇന്ദുചൂഡന്‍ പോലീസ് ഭീകരതക്ക് ഇരയായ രക്തസാക്ഷി...

സെപ്റ്റംബര്‍ 10 പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പ്രിയ സുഹൃത്ത് ആര്‍ ഇന്ദുചൂഡന്റെ ഓര്‍മ്മ ദിനമാണ്.
58ാം വയസില്‍ 2016 ലാണ് ഇന്ദുചൂഡന്‍ മരണപ്പെട്ടത്. പത്തനംതിട്ട ജില്ലയില്‍ KSU, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുകയും നിരവധി പോരാട്ടങ്ങള്‍ മുന്നില്‍ നിന്നു നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.ഓമല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കോട്ടൂരത്ത് രാഘവന്‍ നായരുടെ മകന്‍ ഇന്ദുചുഡനായിരുന്നു പത്തനംതിട്ട ജില്ല രൂപീകൃതമാകുമ്പോള്‍ ആദ്യ കെ എസ് യു ജില്ലാ പ്രസിഡന്റ്.1987 മുതല്‍ ഒരു ദശാബ്ദത്തിലേറെ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചു…

അദ്ദേഹത്തിന്റെ മകന്‍ വിജയ് ഇന്ദുചൂഡന്‍ ഇപ്പോള്‍ പത്തനംതിട്ട ജില്ലാ യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. അച്ഛന്റെ അതേ പോരാട്ട വീര്യമുള്ള മകന്‍ .
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പെമ്പിളൈ ഒരുമയി സമരക്കാരെ അക്ഷേപിച്ചതില്‍ പ്രതിഷധിച്ചു മന്ത്രി എം എം മണിയെ കരിങ്കൊടി കാണിച്ചു എന്നതിന്റെ പേരില്‍ വിജയ് ഇന്ദു ചൂഡനെ യും മറ്റും പിടിച്ചു കൊണ്ട് പോയ പോലിസ് ജീപ്പില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചത്, കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ചതിനു സമാനമായിട്ടാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്റെ പിതാവിന് പോലിസ് മര്‍ദനമേറ്റതിനെ കുറിച്ച് വിജയ് എഴുതിയ ഹൃദയ സ്പര്‍ശിയായ കുറിപ്പ് അന്നത്തെ സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാനിടയാക്കി.
ഞാന്‍ അടൂരില്‍ രണ്ടാം ടേം എം എല്‍ എ ആയിരിക്കുമ്പോഴാണ് ആ സംഭവങ്ങള്‍. ഇന്ന് ഡിജിപി പദവിയിലുള്ള ഒരു പോലിസ് ഉദ്യോഗസ്ഥന്‍ , ഐ പി എസ് ലഭിച്ച് ആദ്യമായി സര്‍വ്വിസില്‍ പ്രവര്‍ത്തിക്കുന്നത് 1996-97 കാലത്ത് അടൂര്‍ സബ്ബ് ഡിവിഷനില്‍ എ എസ് പി ആയാണ്. ചെറുപ്പത്തിന്റെ ആവേശം കൊണ്ടാണോ തുടക്കത്തിലേ സര്‍ക്കാരിന്റെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാനായിരുന്നോ എന്നറിയില്ല, അന്നു പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കെല്ലാമെതിരെ വളരെ അസഹിഷ്ണതയോടെയുള്ള അടിച്ചമര്‍ത്തല്‍ നയമാണ് പോലീസ് അന്ന് അടൂരില്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചു കൊണ്ട് പോയി കസ്റ്റഡിയില്‍ വെക്കുന്ന തടക്കമുള്ള നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി. പോലീസ് രൂക്ഷമായ ലാത്തിച്ചാര്‍ജ് നടത്തി.രാവിലെ മുതല്‍ തന്നെ ഭീകാരാന്തരീക്ഷമാണ് അടൂര്‍ ടൗണില്‍ പോലീസ് സൃഷ്ടിച്ചത്. ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ ഞാന്‍ സത്യാഗ്രഹം കിടന്നു. സംഭവം അറിഞ്ഞ് എത്തിയ കോന്നി എം എല്‍ എ യായിരുന്ന അടൂര്‍ പ്രകാശും സത്യാഗ്രഹ പന്തലിലേക്ക് എത്തിയിരുന്നു.
വൈകുന്നേരമായപ്പോള്‍ മൂന്നാം റൗണ്ട് ലാത്തിചാര്‍ജ് എ എസ് പി യുടെ നേതൃത്വത്തില്‍ സത്യാഗ്രഹ പന്തലില്‍ കിടന്നവര്‍ക്ക് നേരേയായിരുന്നു.
മൂന്നുതവണയും അടിയേറ്റ ഇന്ദുചൂഡന് അതിഗുരുതരമായ ശാരീരിക ക്ഷതമാണ് സംഭവിച്ചത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്തലില്‍ ഉണ്ടായിരുന്ന അടൂര്‍ പ്രകാശ് എംഎല്‍എക്ക് മര്‍ദ്ദനമേറ്റു.

സത്യാഗ്രഹ സമരം ഒരു കുറ്റമല്ലാത്തതുകൊണ്ട്അറസ്റ്റിനു വഴങ്ങാന്‍ മടിച്ച എനിക്ക് പോലിസിന്റെ ബലപ്രയോഗത്തില്‍ കൈക്ക് ഒടിവു സംഭവിച്ചു.
നിരവധി കോണ്‍ഗ്രസ് യു ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു…അടുത്ത ദിവസം ഞാനും അടൂര്‍ പ്രകാശും പ്ലാസ്റ്റര്‍ ഇട്ടാണ് നിയമസഭയിലേക്ക് പോയത്…
2012 ഏപ്രില്‍ 13 മുതല്‍ 2014 ജനുവരി 1 വരെ ഞാന്‍ മന്ത്രിയെന്ന നിലയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഈ ഓഫീസറടക്കം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരോട് ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നത് ജനാധിപത്യപരമായി സമരം ചെയ്യുന്നവരോടും കസ്റ്റഡിയിലെടുക്കുന്നവരോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ്.
അടൂരിലെ പോലിസ് മര്‍ദ്ദനത്തില്‍ ശാരീരികമായി അവശതയിലായ ഇന്ദുചൂഡന് പിന്നീട് ഒരിക്കലും ആരോഗ്യം തിരിച്ചു കിട്ടിയില്ല.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഇന്ദുചൂഡന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം..