കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് ശരീരത്തിലൂടെ ടയർ കയറിയ യാത്രക്കാരി മരിച്ചു. നട്ടാശേരി ഞള്ളക്കാട്ട് കെ.ജെ ചാക്കോയുടെ ഭാര്യ എസ്.ഡി റോസ് (ഓമന-60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം.
ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന പുല്ലാടൻ എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോൾ മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യാത്രക്കാർ ചേർന്ന് ബഹളം വച്ചതോടെ, ബസ് പിന്നോട്ടെടുത്തു. ഈ സമയം ബസിനടിയിൽപ്പെട്ട റോസിൻ്റെ ശരീരത്തിൽ ബസിൻ്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ കയറി അമങ്ങുകയായിരുന്നു.
ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റോസിൻ്റെ ഇടുപ്പെല്ലിനും വയറിൻ്റെ ഭാഗത്തും പരിക്കേറ്റിരുന്നു. വാരിയെല്ലിന് പൊട്ടലുമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ റെഡ് സോൺ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകിട്ട് മരിച്ചു.
ഹാൻഡ്‌ലൂം ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരിയായിരുന്നു. ജോലിയ്ക്ക് വരുമ്പോഴാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം വെസ്റ്റ് പൊലീസ് നടപടികൾ സ്വീകരിച്ചു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മക്കൾ: ആശ, അനിഷ, അനിൽ. മരുമക്കൾ: രാജൻ, കുഞ്ഞുമോൻ, സോഫിയ. സംസ്‌കാരം ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് അടിച്ചിറ ന്യൂമാൻ സമ്മേളനം സെമിത്തേരിയിൽ.

