കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മാരത്തൺ ചർച്ചകൾക്ക് രാത്രി വിരാമം. മുൻ കെപിസിസി അധ്യക്ഷനും സ്പീക്കറുമായ വി എം സുധീരനാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഇന്ന് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
രാവിലെ കെപിസിസിയുടെ അധ്യക്ഷന്മാരുമായി ചർച്ച നടത്തിയിരുന്നു. ഉച്ചകഴിഞ്ഞാണ് വി എം സുധീരൻ ഡൽഹിയിൽ എത്തിയത്. അതാണ് കൂടിക്കാഴ്ച രാത്രിയിൽ ആയത്. ജനവികാരം കണക്കിലെടുക്കണമെന്ന് സുധീരൻ പറഞ്ഞതായാണ് സൂചന. തീരുമാനം എപ്പോൾ വരുമെന്ന് തനിക്കറിയില്ല. എന്നാൽ ജനങ്ങളുടെ വികാരവും രാഷ്ട്രീയ സ്ഥിതിയും വിശദമായി തന്നെ ധരിപ്പിച്ചു. സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബുധനാഴ്ച രാവിലെ ലീഗ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു. ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. മുസ്ലിംലീഗിന്റെ പിന്തുണ വി ഡി സതീശനാണ്. എംഎൽഎമാരിൽ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സുധീരൻ പ്രകടിപ്പിച്ചത്.

