തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം വര്‍ഷങ്ങളായി വിദേശത്തു കഴിയുന്ന ദാമോദര മേനോന് സുകുമാരക്കുറുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും, ഗുരുതരമായ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ ഒരു മാസം മുമ്പുതന്നെ നോര്‍ക്ക (NORKA) ഇടപെട്ടിരുന്നുവെന്നുമുള്ള നിര്‍ണ്ണായക രേഖകളും ഇപ്പോൾ പുറത്തുവന്നു. ഇതോടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ വെട്ടിലായിരിക്കുകയാണ്.
ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു കാട്ടി നോർക്ക സർക്കാരിനു ജൂലൈ 2ന് കത്തു നൽകിയത്.കൂടാതെ ദാമോദര മേനോൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണെന്നും കത്തിൽ പറയുന്നു. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈകമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് മേനോൻ കഴിയുന്നത്.

