ഹൈദരബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ തന്റെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന് മരുമകൻ. കുഴഞ്ഞ് വീണുള്ള മരണമെന്ന് കരുതിയ സംഭവത്തിൽ ആണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ നിര്ണായകമായിരിക്കുന്നത്. ഹൈദരബാദിലെ ചെംഗിചെർളയിലാണ് സംഭവം.
ഏപ്രിൽ 29നായിരുന്നു സംഭവം. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കിൽ പോവുന്നതിനിടെ കൊല്ലപ്പെട്ടത്. ബൈക്കിൽ പോവുന്നതിനിടെ അമ്മായി അമ്മയ്ക്ക് അപസ്മാരം ഇളകി വീണെന്ന് പറഞ്ഞുകൊണ്ടാണ് മരുമകൻ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ 39 കാരിയെ മരുമകൻ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
ഇവരുടെ മകൾ കാവ്യയെ സ്നേഹിത് എന്ന യുവാവ് ജാതി മാറി വിവാഹം ചെയ്യുകയായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഈ വിവാഹം. ഏപ്രിൽ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സ്നേഹിതിനെ ഇത് പ്രകോപിതനാക്കിയ ഇയാൾ അരുണയെ നിരവധി തവണ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ സ്നേഹിത് അരുണയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി. ബൈക്കിൽ പോവുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് യുവാവ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അമ്മായി അമ്മയെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരിൽ യുവാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ 39കാരിയുടെ പരിക്കുകളിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു.

