കൊച്ചി : നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഒന്നാം പ്രതി സുഹൈൽ സജീവ്, ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കാൻ അനുവദിച്ചെന്ന കുറ്റം ചുമത്തപ്പെട്ട മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.
അതിനിടെ, 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പിയ സംഭവത്തിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന എക്സൈസ് നോട്ടിസിന് ഹർജിക്കാർ നൽകിയ മറുപടി പരിശോധിച്ച് ഏഴ് ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി എക്സൈസ് കമ്മിഷണർക്ക് നിർദേശം നൽകി.
‘മൂന്ന് പേർ സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് ഇടിക്കാമോ?’
അപകടസമയത്ത് മൂന്ന് പേർ ഒരേ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങളിലൊന്ന്. എന്നാൽ, ഇതിന് കോടതി നൽകിയ മറുപടി ശ്രദ്ധേയമായി. മൂന്ന് പേർ സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അവരെ ഇടിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സ്കൂട്ടറിലെ യാത്ര നിയമലംഘനമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ, മൂന്ന് പേരും മരിച്ചുപോയില്ലേ, ഇനി നടപടിയെടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം.
അപകടം നേരിട്ട് കണ്ടിട്ടില്ലെന്ന പ്രിയാദിന്റെ മൊഴിയും പ്രതിഭാഗം പ്രധാന വാദമായി ഉയർത്തി. കാർ തന്നെ വെട്ടിച്ചുകടന്നുപോയെന്നാണ് സാക്ഷിയുടെ മൊഴിയെന്നും അപകടം കണ്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടും എഫ്ഐആറും തമ്മിൽ വ്യത്യാസമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഇത് സാധാരണ വാഹനാപകടം മാത്രമാണെന്നും തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന വ്യാപകമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്നും ഈ വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ഗുരുതരമായ പ്രാഥമിക തെളിവുകൾ കേസിലുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികളും ഒപ്പമുണ്ടായിരുന്നവരും മദ്യപിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ടെന്നും അനുവദനീയമായ അളവിന്റെ 5.3 ഇരട്ടി മദ്യം ഒന്നാം പ്രതി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നാലുപേരും ബാറിൽ പ്രവേശിക്കുന്നതിന്റെയും തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയുന്നത്.
ഈ മാസം 11ന് വെളുപ്പിന് 1.45നാണ് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സഞ്ചരിച്ച് സ്കൂട്ടറിനു പിന്നിൽ കാർ ഇടിച്ച് മൂവരും തൽക്ഷണം കൊല്ലപ്പെടുന്നത്. കാർ ഓടിച്ചിരുന്ന സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

