Spread the love

 

            ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് നോട്ടീസ്അയച്ച് ഇഡി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇഡി. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ഇഡി നടന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ജയറാമും പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇഡി നടപടി. സ്വര്‍ണവാതില്‍, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019ല്‍ കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാര്‍ച്ച് മാസത്തിലാണ് പുതിയ വാതില്‍ സമര്‍പ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ കട്ടിളപ്പാളി നിര്‍മ്മിക്കുന്നു. സെപ്തംബറില്‍ ദ്വാരപാലക പാളികള്‍ സമര്‍പ്പിക്കുന്നു. ഇതേ സമയത്ത് നടന്‍ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളികള്‍ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടക്കുന്ന പൂജയില്‍ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ജയറാമിനെ ചെന്നൈയിലെ വസതിയിലാണ് എസ്.ഐ.ടി ചോദ്യം ചെയ്തത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ശബരിമലയില്‍ വച്ചാണ് ബന്ധം തുടങ്ങുന്നതെന്നും നിരവധി തവണ പൂജകള്‍ക്കായി വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിരുന്നു. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നു. ശ്രീകോവിലിലെ കട്ടിളപാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ പൂജിച്ചപ്പോഴും പങ്കെടുത്തിരുന്നു. വാതില്‍പാളികള്‍ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. താനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നുമാണ് ജയറാം മൊഴി നല്‍കിയത്.