Spread the love

മോന്‍സ് ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്, യുഡിഎഫുമായുളള മന്ത്രി പദ ചര്‍ച്ചകള്‍ക്ക് മോന്‍സിനെ ചുമതലപ്പെടുത്തി.
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ അഡ്വ.മോന്‍സ് ജോസഫ് (കടുത്തുരുത്തി) തെരഞ്ഞെടുക്കപ്പെട്ടു . കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാരുടെ യോഗം പാര്‍ട്ടി ചെയര്‍മാന്‍പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ തൊടുപുഴ പുറപ്പുഴയിലെ വസതിയില്‍ യോഗം ചേര്‍ന്നാണ് പുതിയ നിയമസഭാ കക്ഷി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

നിയമസഭാ കക്ഷിയുടെ ഡെപ്യൂട്ടി ലീഡറായി അഡ്വ. തോമസ് ഉണ്ണിയാടന്‍ എം എല്‍ എ ( ഇരിങ്ങാലക്കുട) പാര്‍ട്ടി വിപ്പു സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫ് എംഎല്‍എ (തൊടുപുഴ), സെക്രട്ടറിയായി ഷിബു തെക്കുംപുറം എംഎല്‍എ (കോതമംഗലം) ട്രഷറര്‍ സ്ഥാനത്തേക്ക് റെജി ചെറിയാന്‍ എംഎല്‍എ (കുട്ടനാട്) എന്നിവരെയും തെരഞ്ഞെടുത്തു പാര്‍ട്ടിയുടെ എംഎല്‍എമാരായ അഡ്വ.വര്‍ഗീസ് മാമന്‍ (തിരുവല്ല) വിനു ജോബ് എംഎല്‍എ (ചങ്ങനാശ്ശേരി) എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു സംസാരിച്ചു.

കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ 1996 മുതല്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. 1996, 2006, 2011, 2016 ,2021, 2026 എന്നീ വര്‍ഷങ്ങളിലായി ആറാമത്തെ ടേമിലാണ് കേരള കോണ്‍ഗ്രസ് എംഎല്‍എയായി കടുത്തുരുത്തിയില്‍ നിന്നും വിജയിച്ചു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിരുന്നു.കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായ കെ.എസ് സിയുടെയും , യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച ശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഭാരവാഹിത്വം വഹിക്കുകയുണ്ടായി. ഇപ്പോള്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.