Spread the love

പത്തനംതിട്ട :  വെള്ളാപ്പള്ളി നടേശനെ തള്ളി ശിവഗിരി മഠവും, മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടിയെടുത്ത് എൻഎസ്എസ് നേതൃത്വവും രംഗത്ത് വന്നത്  ഇരു സംഘടനകളെയും ചേർത്തു പിടിക്കാൻ ശ്രമിച്ച ഇടതു സർക്കാരിന് തിരിച്ചടിയായി.

 

നിയമസഭാ തെരഞ്ഞെടുപ്പിനെ തൊട്ടുമുമ്പാണ്  മുഖ്യമന്ത്രി പിണറായി വിജയൻറെ വലം കൈയായ വെള്ളാപ്പള്ളി നടേശന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തിന് ഹൈക്കോടതി അയോഗ്യത കല്പിച്ചത്. ഇക്കാര്യത്തിൽ തുടർനടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണെങ്കിലും സർക്കാർ മെല്ലെ പോക്കിലാണ്. ഇനി തെരഞ്ഞെടുപ്പ് കൂടി വരുന്നതോടെ സർക്കാരിന് പൂർണമായും കൈകഴുകാം. അതിനിടെ മേൽ കോടതിയെ സമീപിച്ച് ആശ്വാസ വിധിക്ക് വെള്ളാപ്പള്ളിക്ക് പരിശ്രമിക്കുകയും ചെയ്യാം.

 

കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി വന്നശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടിട്ടില്ല. പഠിക്കുകയാണ് എന്നാണ് പുറത്തുവന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളിയുടെ  വാക്കുകൾ ഇടതു സർക്കാരിന് വിലപ്പെട്ടതാണ്. കേരളത്തിലെ മുഖ്യമന്ത്രി കസേരയ്ക്ക് പിണറായിക്ക് പകരക്കാരൻ ഇല്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. അത് പലതവണ ആവർത്തിച്ചു കഴിഞ്ഞു. ഇതര രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യും. പക്ഷേ സുധാകരൻ വിഷയം കോൺഗ്രസിൽ കത്തി നിൽക്കുമ്പോൾ വെള്ളാപ്പള്ളിക്ക് നാവനക്കാനാവുന്നില്ല.

 

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെ ള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ യുള്ള ഭാരവാഹികളെ അയോ ഗ്യരാക്കിയ ഹൈക്കോടതി വിധി ജനസമൂഹത്തിന് ആശ്വാസകരമാണെന്നാണ്ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചത്.

ഗുരു കല്പിച്ചതിന് വിപരീതമാ യി ജാതി ചോദിക്കണം, പറയണം, വിചാരിക്കണം എന്ന രൂ പത്തിലുള്ള വ്യാഖ്യാനങ്ങളാണ് അടുത്ത കാലത്തായി എസ്. എൻ.ഡി.പി. നേതൃത്വത്തിൽനി ന്നുണ്ടായതെന്നും മാധ്യമപ്രവർ ത്തകരുടെ ചോദ്യത്തിന് മറുപ ടിയായി അദ്ദേഹം പറഞ്ഞു. വെ ള്ളാപ്പള്ളി നടേശൻ്റെ പേര് പറ യാതെയായിരുന്നു വിമർശനം.

 

സോളാർ കേസിൽ ആരോപണ വിധേയനാവുകയും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്ത കെ ബി ഗണേഷ് കുമാർ രണ്ടാം പിണറായി സർക്കാരിൽ എൻഎസ്എസ്സിന്റെ മുഖമായിരുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻറ് എന്ന നിലയിൽ നായർ സർവീസ് സൊസൈറ്റി നേതൃത്വവുമായി വളരെ അടുപ്പത്തിലുമായിരുന്നു. എന്നാൽ ഭാര്യ ഗണേഷിനെതിരെ പരസ്യമായി ആരോപണമുന്നയിച്ചു വന്നതോടെ സർക്കാർ വെട്ടിലായി. മോശപ്പെട്ട സാഹചര്യത്തിൽ മറ്റൊരു സ്ത്രീയുമായി ഗണേഷ് കുമാറിനെ കണ്ടു എന്ന് ആരോപണമാണ് ഭാര്യ ഉന്നയിച്ചത്. പിന്നീട് അത് ഒത്തുതീർപ്പിലെത്തിയെങ്കിലും സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സർക്കാരിന് അത് മുഖം നഷ്ടപ്പെടുത്തി.പോലീസിൽ പരാതിപ്പെട്ടിട്ട് പോലും നടപടിയെടുത്തില്ലെന്നാണ് അന്ന് ഭാര്യ ആരോപിച്ചത്.

 

ഈ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലെ ഭിന്നതയെ തുടർന്ന് പത്തനാപുരം എൻഎസ്എസ് ഭരണത്തിലെ 11 അംഗങ്ങൾ സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറായത്. അവർ ചങ്ങനാശ്ശേരിയിലെത്തി പരാതി പറഞ്ഞതോടെ കെ ബി ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയി സുകുമാരൻ നായർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിഡണ്ട് സ്ഥാനത്തു നിന്നുംഗണേഷ് കുമാറിനെ എൻഎസ്എസ് പുറത്താക്കി.

 

എൻഎസ്എസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയില്ലെങ്കിലും ചില ഒളിയമ്പുകൾ ഗണേഷ് തൊടുക്കുകയും ചെയ്തു. ഇത് സമുദായത്തെ ഒന്നാകെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പത്തനാപുരത്ത് ഗണേശന് കാര്യങ്ങൾ പന്തി അല്ലെന്നാണ് റിപ്പോർട്ട് .എന്നാൽ ഇതൊന്നും തനിക്ക് വിഷയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്.

 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽഭക്തർക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ആവർത്തിക്കുമ്പോഴും വ്യക്തമായ നിലപാട് എടുക്കാതെ തീരുമാനം കോടതിക്ക് വിടുകയാണ് ചെയ്തത് എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം. ശബരിമല വിഷയവും ഇനിയുള്ള ദിവസങ്ങളിൽ പ്രതിപക്ഷവും ബിജെപിയും മുഖ്യപ്രചരണ ആയുധമാക്കും എന്നുറപ്പാണ്