ആഡംബര ഫോട്ടോഷൂട്ടുകളില്ല, വലിയ സെറ്റുകളുമില്ല; ഗർഭകാലത്തെ വിശേഷം പങ്കുവയ്ക്കാൻ ലളിതമായൊരു ചിത്രം തിരഞ്ഞെടുത്ത് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. ഭർത്താവ് രാജ് നിഡിമോറിനൊപ്പമുള്ള പുതിയ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുന്ന താരം, തന്റെ മെറ്റേണിറ്റി ചിത്രത്തിലൂടെയും ശ്രദ്ധ നേടുകയാണ്. ചിത്രത്തിന് നൽകിയ രസകരമായ കുറിപ്പും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
‘ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കിക്കോളൂ’ എന്നായിരുന്നു ചിത്രത്തോടൊപ്പം സാമന്ത കുറിച്ചത്. കുഷനുകൾ നിറച്ച സോഫയിൽ സൺഗ്ലാസ് ധരിച്ച് വിശ്രമിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഓറഞ്ച് നിറത്തിലുള്ള പ്രിന്റഡ് കുർത്തയും വെള്ള ബോട്ടവുമാണ് വേഷം. ബേബി ബംപിൽ കൈകൾ ചേർത്തുവച്ച് കാലുകൾ നീട്ടിയുള്ള പോസിലാണ് താരം. ചിത്രത്തിന് താഴെ വാമിക ഉൾപ്പെടെയുള്ള താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്.
സാധാരണ താരങ്ങൾ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെയും പ്രത്യേക സെറ്റുകളുടെയും സഹായത്തോടെ ഒരുക്കുന്ന മെറ്റേണിറ്റി ഷൂട്ടുകളിൽനിന്ന് വ്യത്യസ്തമാണ് സാമന്തയുടെ ഈ ചിത്രം. സ്വാഭാവികമായൊരു നിമിഷം പകർത്തിയ ചിത്രത്തിന് ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംവിധായകനും നിർമാതാവുമായ രാജ് നിഡിമോറുമായുള്ള വിവാഹശേഷം ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് സാമന്ത. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലായിരുന്നു വിവാഹം.

