Spread the love

കോട്ടയം: ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മാറി മറ്റു വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പോലീസും സഹകരിച്ച് നിരീക്ഷണം നടത്തും.

കാനന പാത തിരഞ്ഞെടുക്കുന്ന തീർത്ഥാടകർ പൂർണമായും പരമ്പരാഗത പാതയിലൂടെ മാത്രമേ വരാൻ പാടുള്ളൂ. മറ്റു വഴികളിലൂടെ എത്തുന്നത് നിലവിലെ ക്രമീകരണങ്ങളെ ബാധിക്കും.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ എത്തുന്നവർക്കുമാത്രമായി മുക്കുഴിയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഇങ്ങനെ പാസ് ലഭിക്കുന്നവരും പമ്പയിൽ എത്താതെ സന്നിധാനത്തേക്ക് പോകാൻ പാടില്ല.

മറ്റു ദിവസങ്ങളിലേക്ക് ബുക്കിംഗ് എടുത്തിട്ടുള്ളവർ മുൻകൂട്ടി എത്തിയാൽ ബുക്ക് ചെയ്ത അവസരം വരുന്നതു വരെ കാത്തു നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ ബുക്കിംഗ് എടുത്തിട്ടുള്ള ദിവസം മാത്രം വരാൻ തീർത്ഥാടകർ ശ്രദ്ധിക്കണം.

ശബരിമലയിലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ട ജാഗ്രതാ സംവിധാനം ശക്തമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള പോലീസിന്റെ ഏകോപനം കൂടുതൽ ശക്തമാക്കണം.