Spread the love

ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ച് ദിവസങ്ങൾ മാത്രമായെങ്കിലും വീട്ടിനുള്ളിൽ ഇതിനോടകം നിരവധി സംഭവങ്ങളാണ് അരങ്ങേറുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 17 പേരും കോമണേഴ്‌സിനായി നടത്തിയ അഗ്നിപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരുമടക്കം 21 മത്സരാർഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

സീസണിന്റെ രണ്ടാം ദിവസം തന്നെ നാടകീയ സംഭവങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായി. ഭൂരിപക്ഷം മത്സരാർഥികളും റിനി ആൻ ജോർജിനെ പുറത്താക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചെങ്കിലും ലീഡർ ജസീലയുടെ തീരുമാനപ്രകാരമാണ് ഗായത്രി സുരേഷിന് പുറത്തേക്കുള്ള വഴി തുറന്നത്.

ഇതിനിടെ ആർജെ അഞ്ജലി താൻ നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് സഹമത്സരാർഥിയായ വിക്കിയുമായി സംസാരിക്കുന്ന രംഗങ്ങളും ശ്രദ്ധനേടി. ഏറെ വൈകാരികമായാണ് അഞ്ജലി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

നേരത്തെ ബ്യൂട്ടി പാർലർ നടത്തുന്ന ഒരു സ്ത്രീയെ പ്രാങ്ക് കോളിലൂടെ വിളിച്ചതിന്റെ വീഡിയോ അഞ്ജലിക്കെതിരെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിമർശനം ശക്തമായതോടെ അഞ്ജലി പിന്നീട് സംഭവത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ അതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് അഞ്ജലി പറയുന്നത്.

ഇത് തന്റെ വ്യക്തിജീവിതത്തെയും ജോലിയെയും ബാധിച്ചുവെന്ന് അഞ്ജലി പറയുന്നു. തനിക്ക് ജോലി നഷ്ടപ്പെടണമെന്ന തരത്തിലുള്ള സമീപനമാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിന്റെ പ്രതിഫലനം കുടുംബത്തിലും ഉണ്ടായെന്നും അവർ വ്യക്തമാക്കി.

വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി.”ആർജെ അഞ്ജലി പറയുന്നു.