തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും കൂടാതെ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂര്‍ ആണ്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ഉടന്‍ തീയേറ്ററിലെത്തും.

വൈവിധ്യമാര്‍ന്ന നിരവധി വേഷപകര്‍ച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സാധാരണ അംഗമായിരുന്ന ബിന്ദു നല്ലൊരു ജീവ കാര്യണ്യ പ്രവര്‍ത്തകയായി മാറുന്നു. ഒരു സ്ത്രീ സ്വന്തം കാലില്‍ നില്‍ക്കണമെന്നും ഒരു മനുഷ്യനുള്ള എല്ലാ സ്വാതന്ത്യവും അവള്‍ക്കുണ്ടാവണമെന്നും ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബിന്ദു തന്റെ സഹജീവികളുടെ ഉന്നമനത്തിനു വേണ്ടിയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ബിന്ദുവിന്റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങള്‍ അവതരിപ്പിക്കുകയാണ് സംവിധായിക.

തൊഴിലിടങ്ങളില്‍, വിദ്യാലയങ്ങളില്‍, സ്വന്തം വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ രോദനം ഈ ചിത്രത്തില്‍ ദര്‍ശിക്കാം.
സ്ത്രീകള്‍ക്ക് സമൂഹം കല്‍പ്പിച്ചുവെച്ചിരിക്കുന്ന വേലിക്കെട്ടുകളേയും സ്വയം സൃഷ്ടിച്ചുവെച്ചിരിക്കുന്ന ഇരുളടഞ്ഞ തടവറകളേയും ഭേദിച്ച് പുറത്തു വരാന്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം കൊണ്ട് കഴിയും എന്ന് ബിന്ദു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നു.

സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീ വര്‍ഗ്ഗത്തിന് സാമ്പത്തിക ഭദ്രത കൈവരിക്കുവാന്‍ തൊഴിലുറപ്പ് പദ്ധതി ഒരു പരിധിവരെ സഹായിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ വാര്‍ദ്ധക്യത്തിന്റെ അരക്ഷിതാവസ്ഥയെ നേരിടുവാന്‍ മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി അതിലേയ്ക്ക് മുന്‍കൂട്ടി തയ്യാറെടുക്കുവാനും ബോധവല്‍ക്കരണം നടത്തുകയാണ് ബിന്ദു എന്ന സ്ത്രീ തൊഴിലാളി.
സമൂഹത്തിന്റെ രണ്ട് തട്ടിലായി നിലനിന്നിരുന്ന മുതലാളി തൊഴിലാളി അതില്‍വരമ്പുകളെ ബലഹീനമാക്കി കൊണ്ട് വിപ്ലവാത്മകരമായി തൊഴിലുറപ്പ് പദ്ധതി മുന്നേറിയപ്പോള്‍ സ്ത്രീ തൊഴിലാളി വര്‍ഗ്ഗത്തിന് ഈ പദ്ധതിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ കഴിഞ്ഞെന്ന് ചിത്രത്തിന്റ കഥാപശ്ചാത്തലത്തിലൂടെ ദര്‍ശിക്കാം.

ഒരാളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഭ്രമണത്തില്‍ നിന്നും ‘സ്വയ’ത്തെ വിടുവിച്ചെടുക്കുമ്പോള്‍ ‘സ്ത്രീ’ ലോകത്തിന്റെ തന്നെ സ്പന്ദനമായി പരമോന്നതമായ ജീവിത സാഫല്യത്തില്‍ എത്തിച്ചേര്‍ന്ന് ലോകനന്മയ്ക്കായ് അണി ചേരും എന്ന് കഥാന്ത്യത്തില്‍ മനസ്സിലാക്കാം.
പൊള്ളുന്ന ഭൂതകാലത്തില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് സംവിധായിക അവതരിപ്പിക്കുന്ന ബിന്ദു എന്ന കഥാപാത്രം. സോഫി ടൈറ്റസ് ഈ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥാകൃത്തുകൂടിയായ സോഫി ചിത്രത്തിനു വേണ്ടി മികച്ച തിരക്കഥയാണ് ഒരുക്കിയത്.
സോഫി പ്രൊഡക്ഷന്‍സിനു വേണ്ടി സോഫി ടൈറ്റസ് നിര്‍മ്മാണം- സംവിധാനം- കഥ- തിരക്കഥ, എന്നിവ നിര്‍വ്വഹിക്കുന്ന ലേഡി വിത്ത് ദ വിങ്‌സ് എന്ന ചിത്രം നവംബര്‍ മാസം തീയേറ്ററിലെത്തും. ഡി.ഒ.പി – പ്രമോദ് കുമാര്‍, ജയിംസ് ക്രിസ്, എഡിറ്റര്‍-ഷാജോ എസ്.ബാബു, ഗാനരചന – സോഫി ടൈറ്റസ്, സംഗീതം-അശ്വിന്‍ ജോണ്‍സന്‍, ഹരി മുരളി ഉണ്ണികൃഷ്ണന്‍, ബിബിന്‍ അശോക്, ബാഗ് ഗ്രൗണ്ട് മ്യൂസിക് – അശ്വിന്‍ ജോണ്‍സന്‍, കോസ്റ്റ്യൂം – സോഫി ടൈറ്റസ്, മേക്കപ്പ് – ശരത്ത്, പി.ആര്‍.ഒ – അയ്മനം സാജന്‍
സോഫി ടൈറ്റസ്, സന്തോഷ് കീഴാറ്റൂര്‍, ജേക്കബ്, രാജേഷ് ഹെബ്ബാര്‍, രാഹുല്‍ ബഷീര്‍, സാജു വര്‍ഗീസ് എന്നിവര്‍ അഭിനയിക്കുന്നു.
അയ്മനം സാജന്‍

