ചെന്നൈ: പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായികയും മുൻ റേഡിയോ ജോക്കിയുമായ സുചിത്ര. തന്നെ ഷണ്‍മുഖരാജ് തല്ലുകയും ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് സുചിത്ര ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സുചിത്രയുടെ ആരോപണം. ഗാര്‍ഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറല്‍ തുടങ്ങിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്.
വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗായിക അവകാശപ്പെട്ടു.
തനിക്ക് അയാളെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹവുമായി വിവാഹനിശ്ചയംവരെ എത്തിയ ബന്ധമാണെന്നും സുചിത്ര പറഞ്ഞു. തൻ്റെ ജീവിതത്തിലേക്ക് ഒരു രക്ഷകനെപ്പോലെയാണ് അയാൾ കടന്നുവന്നത്. അയാൾ തന്നെ വൈകാരികമായി ഉപയോഗിക്കുകയും, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുത്തുകയും, സുചി ലീക്ക്സ് വിവാദത്തിന് ശേഷമുള്ള തൻ്റെ ദുർബലമായ അവസ്ഥയെ മുതലെടുക്കുകയും ചെയ്തുവെന്നും ഗായിക ആരോപിച്ചു.
“സുചി ലീക്ക്സ് സംഭവത്തിന് ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷെ അതുണ്ടായി—ഞാൻ പ്രണയത്തിലായി. എനിക്ക് പലതവണ മർദ്ദനമേറ്റു. ഒരു ഡബ്ല്യുഡബ്ല്യുഎഫ് ഗുസ്തിക്കാരനെപ്പോലെ ബൂട്ട്സിട്ട് അയാൾ എന്നെ ചവിട്ടി. ഞാൻ ഒരു മൂലയിലിരുന്ന് കരഞ്ഞ്, മർദിക്കുന്നത് നിർത്താൻ ആവശ്യപ്പെടുമായിരുന്നു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് കണ്ടെത്തി. അയാളുടെ ആദ്യ ഭാര്യ എൻ്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു,” സുചിത്ര പറഞ്ഞു.
എനിക്ക് അയാളെ ശരിക്കും ഇഷ്ടമായിരുന്നു. അല്ലെങ്കിൽ ഒരു രൂപ പോലും ഞാൻ അയാൾക്ക് കൊടുക്കുമായിരുന്നില്ല. എന്നാൽ ഞാൻ ഇപ്പോൾ കോടതിയെ സമീപിക്കാൻ പോവുകയാണ്. ഓരോ പൈസയും തിരികെ നൽകുന്നത് വരെ ഞാൻ അയാളെ പിന്തുടർന്നുകൊണ്ടേയിരിക്കും.” അവർ വ്യക്തമാക്കി

