ബെംഗളൂരു : പ്രണയബന്ധം എതിർത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ ആണ് സംഭവം. 34കാരിയായ നേത്രാവതി ആണ് മരിച്ചത്. നേത്രാവതി ഭർത്താവുമായി വേർപിരിഞ്ഞു മകൾക്കൊപ്പമാണ് താമസിക്കുന്നത്.
സംഭവത്തിൽ പതിനേഴുകാരിയായ മകളും ആൺസുഹൃത്തുമടക്കം അഞ്ചുപേരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരു കുട്ടിയുടെ പ്രായം 13 വയസാണ്.
നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. പലപ്പോഴും കാമുകനും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു.
എന്നാൽ ഇത് മറികടന്ന് ഒക്ടോബർ 25ന് രാത്രിയും ഈ സംഘം നേത്രാവതിയുടെ വീട്ടിലെത്തി. ഉറക്കമുണർന്നപ്പോൾ മകൾക്കൊപ്പം സുഹൃത്തുക്കളെ കണ്ട നേത്രാവതി ബഹളമുണ്ടാക്കിയതോടെ ഈ സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ സാരി ഉപയോഗിച്ച് കെട്ടിത്തൂക്കി. പിന്നാലെ വീടുപൂട്ടി സ്ഥലം വിടുകയും ചെയ്തു. നാട്ടുകാർ കരുതിയിരുന്നത് നേത്രാവതി എവിടേക്കോ പോയതാണെന്നാണ്. രണ്ട് ദിവസമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ സഹോദരിയാണ് മരണ വിവരം പുറത്തറിയിച്ചത്.

