Spread the love

ബിഗ്‌ബോസ് സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലേയിലേക്ക് അടുക്കവേ, കഴിഞ്ഞയാഴ്ച ഹൗസിനുള്ളില്‍ നെവിന്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ പേരില്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ നെവിനെ നിര്‍ത്തിപ്പൊരിക്കുന്നതിന്റെ പ്രൊമോ വന്നു.

ഇനി ഏതാനും നാളുകള്‍ കൂടി മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഒന്‍പത് മത്സരാര്‍ത്ഥികളുമായി പന്ത്രണ്ടാം വാരത്തിലേക്ക് കടന്ന സീസണില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പല സംഭവ വികാസങ്ങള്‍ക്കുമാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. എല്ലാം നെവിനെ ചുറ്റിപ്പറ്റിയായിരുന്നു.

ഷാനവാസിന് നേരെയുള്ള അതിക്രമവും അനുവിന്റെ ബെഡില്‍ വെള്ളം ഒഴിച്ചതും അനുവിനെ ടാര്‍ജറ്റ് ചെയ്ത് ശല്യപ്പെടുത്തിയതുമടക്കം നിരവധി പ്രശ്‌നങ്ങള്‍ ഈ ആഴ്ചയില്‍ നെവിന്‍ നടത്തിയിട്ടുണ്ട്. ആദ്യമെല്ലാം താനൊരു മികച്ച എന്റര്‍ടെയ്‌നറാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച മത്സരാര്‍ത്ഥിയാണ് നെവിന്‍. ഇപ്പോഴിതാ ബിഗ്‌ബോസ് സീസണ്‍ 7ലെ ഏറ്റവും മോശം മത്സരാര്‍ത്ഥിയായി നെവിന്‍ മാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച നെവിന്റെ പ്രവൃത്തികള്‍കൊണ്ട് മാത്രമാണ് ഇത്തരമൊരു പ്രതിച്ഛായ നെവിന് കിട്ടിയത്.

ഇന്ന് സംപ്രേക്ഷണം ചെയ്തു തുടങ്ങുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ കഴിഞ്ഞ ആഴ്ച നടന്ന എല്ലാ പ്രശ്‌നങ്ങളും ഉയര്‍ത്തി നെവിനെ ചോദ്യം ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. ഇന്നത്തെ വീക്കെന്റ് പ്രമോയില്‍ നിന്നും ഇത് വ്യക്തമാണ്.

എന്താണ് നെവിന്റെ പ്രശ്‌നം എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ഒന്നുമില്ലെന്ന് നെവിന്‍ മറുപടി പറയുന്നുണ്ട്. ‘ഒന്നുമില്ലെന്നോ. നെവിന്റെ പ്രശ്‌നം എന്താണ്. ഞങ്ങള്‍ക്ക് കൂടി ഒന്ന് പറഞ്ഞു തരൂ. അവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടോ. നിങ്ങളുടെ തമാശയൊക്കെ ഒരുപരിധിവരെ ഞങ്ങള്‍ അംഗീകരിച്ചു തന്നു. അതുകഴിഞ്ഞാല്‍ പിന്നെ വളരെ മോശമായ കാര്യമാണ്. അങ്ങനെ ചെയ്യാന്‍ പറ്റില്ല. എനിക്ക് പറ്റില്ല. നെവിനെ കുറിച്ച് ഒരുപാട് പരാതികള്‍ ഞങ്ങള്‍ക്ക് വരുന്നുണ്ട്. I will take a call on you’, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നെവിനെ പുറത്താക്കണമെന്ന കമന്റുകളാണ് പ്രേക്ഷകര്‍ വലിയ തോതില്‍ പങ്കുവയ്ക്കുന്നത്.

അതേസമയം, ഗ്രാന്റ് ഫിനാലേയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച നടന്ന ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചിരിക്കുകയാണ്. എട്ട് ടാസ്‌കുകളില്‍ നിന്നായി 56 പോയിന്റുകള്‍ നേടി നൂറയാണ് ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത്. ഇനിയുള്ള രണ്ട് ആഴ്ചയിലെ നോമിനേഷന്‍ മുക്തിക്കൊപ്പം ഡയറക്ട് ആയി ടോപ് 5ല്‍ എത്തിയിരിക്കുകയാണ് നൂറ ഇപ്പോള്‍. ബിഗ്‌ബോസ് ഹൗസിലുള്ള മൂന്ന് പെണ്‍കുട്ടികളില്‍ ആരെങ്കിലും ഒരാള്‍ ടിക്കറ്റ് ടു ഫിനാലെ വിജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് നൂറ കഴിഞ്ഞ ദിവസം പറഞ്ഞത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഷാനവാസ് ഹൗസിനുള്ളില്‍ തിരികെ പ്രവേശിക്കുമെന്നാണ് അറിയുന്നത്.