പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുകയാണ്. മൺസൂൺ മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വി നോദസഞ്ചാരികളുടെ വൻ തിരക്കാണ്.
സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി 15 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള അപൂർവ പൈൻ വനമാണ് ഇവിടെയുള്ളത്.
സാധാരണയായി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലാണ് പൈൻ വനങ്ങൾ സാധാരണയായി കാണുന്നതെങ്കിൽ വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമാണ് പൈൻമരക്കാട്. ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രദേശത്ത് പൈൻ മരങ്ങൾ നട്ടുപിടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 200 ഏക്കറിലാണ് പൈൻ മരതോട്ടം. തണുപ്പ് കലർന്ന കാലാവസ്ഥയിൽ മരങ്ങൾ വളരുകയും വാഗമണ്ണിൻ്റെ സൗന്ദര്യത്തിൻ്റെ ഭാഗമാകുകയും ചെയ്യുന്ന അപൂർവകാഴ്ചയാണ്.
വിനോദസഞ്ചാര കേന്ദ്രമായ മൊട്ടക്കുന്നിൽ നിന്ന് വളരെ അകലെയല്ലാതെയാണ് പൈൻമരക്കാടുകളുള്ളത്. മൊട്ടക്കുന്നിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കോലാഹലമേട്ടിലാണ് കാഴ്ചയുടെ വിരുന്നൊരുക്കി പൈൻ വാലിയുള്ളത്. റോഡരികിൽ വണ്ടിനിർത്തി മുന്നൂറ് മീറ്റർ നടന്നാൽ ഇവിടെയെത്താം. നടപ്പ് വഴിയോട് ചേർന്ന് നിരവധി കടകളുണ്ട്. ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
പാസ് എടുത്തുവേണം പൈൻ വാലിയിലേക്ക് പ്രവേശിക്കാൻ. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പാസ് നിരക്ക് .
പൈൻ മരക്കാടിൻ്റെ താഴേക്ക് കല്ലുകൾ പാകിയ പാതയിലൂടെ നടന്നുവേണം എത്താൻ. പാത ഉപേക്ഷിച്ച് പൈൻ മരക്കാടുകൾക്ക് ഇടയിലൂടെ സാഹസികമായി നടക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുമാകാം. നടത്തം ശ്രദ്ധിച്ചില്ലെങ്കിൽ കാൽവഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. ചെരിഞ്ഞ പ്രദേശമായതിനാലും പൈൻ മരങ്ങൾ കൂട്ടമായി നിൽക്കുന്നതിനാലും അപകടങ്ങൾക്ക് കാരണമാകും. കടപുഴകി വീണ മരങ്ങളിലും പുല്ലുകൾക്ക് മുകളിലിരുന്നും സമയം ചെലവഴിക്കാം. വീശിയടിക്കുന്ന കാറ്റിന്റെ ചിറകിലേറി മഞ്ഞണിഞ്ഞ് വരുന്ന മഴയിൽ കൂറ്റങ്ങൾ മരങ്ങളുടെ തണുപ്പിൽ ഇരിക്കുമ്പോൾ മരങ്ങളിൽ മഴ ആർത്തു പെയ്യുന്നത് കാണാം.
മഴയും കാറ്റും നൃത്തമാടുന്ന വശ്യസുന്ദരമായ കാഴ്ചയിൽ സഞ്ചാരികൾ മതിമറന്ന് പോകുന്നു. ഇടക്ക് മഞ്ഞ് മാറി മരങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നതിനൊപ്പം തണുപ്പ് ആസ്വദിച്ചിരിക്കാനാകും.
ആയിരക്കണക്കിന് മരങ്ങളാണ് നിലവിൽ ഇവിടെയുള്ളത്. തമിഴ്നാടിൻ്റെ ഭാഗമായ കമ്പം, തേനി, ഡിണ്ടികൽ ജില്ലകളിൽ നിന്നും കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. സംഘമായിട്ടാണ് ആളുകൾ പലപ്പോഴും എത്തുന്നത്. ശരാശരി മൺസൂൺ മഴ കാണാൻ ദിവസവും 3000 പേരെങ്കിലും ഇവിടെ എത്തുന്നുണ്ടന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

