Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഡിസംബർ 8 ന് വരും. അന്തിമ വിധി എന്താകുമെന്നാണ് കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്നത്. ഇതിനിടെ ദിലീപിനെ അനുകൂലിച്ച് കൊണ്ട് രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ.

വാക്കുകളിങ്ങനെ,

അതിജീവിതയെ ആക്രമിച്ചിട്ട് ദിലീപിന് എന്ത് കിട്ടാനാണ്. ദിലീപും കാവ്യ മാധവനും കല്യാണം കഴിച്ച് കാവ്യ ​ഗർഭിണിയായി കുട്ടി വരാൻ കാത്തിരുന്ന സമയത്ത് ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ്. ഇതൊക്കെ ചെയ്തത് പൾസർ സുനിയാണ്. അയാൾ മറ്റ് പലരെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. പൾസർ സുനിക്കെതിരെ വേറെയും പരാതിയുണ്ട്. പൾസർ സുനിയെ മനപ്പൂർവം ദിലീപിനോട് കണക്ട് ചെയ്യാൻ ചില ആൾക്കാർ നോക്കി.

ശാസ്ത്രജ്ഞനായ നമ്പി നാരായന് ശേഷം ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലിപ് എന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും ദിലീപിന്റെ കുടുംബത്തെയും വേട്ടയാടി. ഇടയ്ക്ക് പറഞ്ഞിരുന്നത് മാഡമാണ് ഇതിന് പിന്നിൽ എന്നാണ്. പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചില്ലേ.

അതിജീവിതയ്ക്ക് നീതി വേണം. നമ്മുടെ അഭിമാനമാണ് അതിജീവിത. അതോടൊപ്പം വ്യാജക്കേസിൽ കുടുക്കിയ ദിലീപിനും നീതി വേണം. പൾസർ സുനിയും കൂട്ടാളികളും ശിക്ഷിക്കപ്പെടണം. എന്നാൽ അന്യായമായി ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ദിലീപിന് നീതിയുണ്ടാകണം.

എത്ര ​ഗൂഢാലോചന ദിലീപിനെതിരെ നടന്നു. ബാലചന്ദ്രകുമാറടക്കം എന്തൊക്കെ ആരോപണങ്ങൾ കൊണ്ട് വന്നു. എവിടെ പോയി ഇതെല്ലാം. ദിലീപിനെതിരെ നുണകളുടെ പെരുമഴ ആയിരുന്നെന്ന് നമ്മൾ തിരിച്ചറിയണം.