Spread the love

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തില്‍ എത്തും.രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടാം ഘട്ടത്തിൽ പാലായിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് തള്ളി.തുടർന്ന് മധ്യകേരളത്തിലെ പ്രധാന മീറ്റിംഗ് പോയിൻറ് ഐ തിരുവല്ല തെരഞ്ഞെടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ തട്ടകം കൂടിയാണ് ഇവിടം. അനൂപ് തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമുണ്ട്.

 

നേരത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിന്റെ മണ്ഡലമായ പാലായിൽ പ്രധാനമന്ത്രിയെ എത്തിക്കാനാണ് ശ്രമം നടന്നത്. ഇത് പരാജയപ്പെട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിസി ജോർജ് മകൻ ഷോൺ ജോർജ് മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് പാലാ പരിഗണിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു

 

തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.കിളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ബിജെപിയുടെ പൊതുസമ്മേളനം.

 

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര്‍ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.

 

തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ തിരുവനന്തപുരം റവന്യൂ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കും.

 

ഒരാഴ്ചയ്ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.